ന്യൂഡല്‍ഹി: ഒഡീഷ എം എല്‍ എ പ്രശാന്ത് കുമാര്‍ ജഗ്ദേവിന് സ്വന്തം മണ്ഡലത്തില്‍ വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതി.
പ്രതിഷേധക്കാര്‍ക്ക് നേരെ വാഹനം ഓടിച്ചു കയറ്റിയ കേസില്‍ വിചാരണ നേരിടുന്ന ബി ജെ ഡി എം എല്‍ എയായ പ്രശാന്ത് കുമാര്‍ ജഗ്ദേവിന് ഒരു വര്‍ഷത്തേക്ക് പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നതിനും വിലക്കുണ്ട്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.
കേസില്‍ എം എല്‍ എക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതി ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഒരു വര്‍ഷത്തേക്കാണ് പ്രശാന്ത് കുമാറിന് മണ്ഡലത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്കുള്ള കാലയളവില്‍ ജില്ലാ കളക്ടറുടെ അനുമതിയോടു കൂടി വേണമെങ്കില്‍ മണ്ഡലത്തില്‍ പ്രവേശിക്കാം. എന്നാല്‍ അഞ്ച് പേരില്‍ കൂടുതലുള്ള ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനോ കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.
ഈ നിബന്ധനകള്‍ക്ക് പുറമേ വിചാരണ കോടതിക്ക് മറ്റേത് തരത്തിലുള്ള നിബന്ധനയും വയ്ക്കാനുള്ള അനുവാദവും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ ആഡംബര കാര്‍ ഓടിച്ചു കയറ്റിയെന്നാണ് പ്രശാന്ത് കുമാറിനെതിരെയുള്ള കേസ്. സംഭവത്തില്‍ 20 പേര്‍ക്കാണ് പരിക്കേറ്റത്.
