സ്വര്‍ണവില വര്‍ദ്ധിച്ചു; രണ്ടാഴ്ചയ്ക്കിടെ കൂടിയത് ആയിരം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ദ്ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 200 രൂപ വര്‍ദ്ധിച്ച്‌ 37880 രൂപയായി.

ഗ്രാമിന് 25 രൂപ കൂടി 4735 രൂപയായി. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം സ്വര്‍ണവില ഇന്നലെ നേരിയ തോതില്‍ കുറഞ്ഞിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും. ജൂലൈ മാസത്തില്‍ അഞ്ചാം തീയതിയായിരുന്നു ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില എത്തിയത്. അന്ന് പവന് 38,480 രൂപയായിരുന്നു. ആ മാസം 21നാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്, പവന് 36,800 രൂപ. എന്നാല്‍ അതിനുശേഷം സ്വര്‍ണവില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ആയിരം രൂപയാണ് കൂടിയത്.

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയില്‍ കേന്ദ്ര സര്‍ക്കാര്‍ 5 ശതമാനം വര്‍ധനവ് വരുത്തിയിരുന്നു. നിലവില്‍ 7.5 ശതമാനമായിരുന്ന സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്.

ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച്‌ ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *