തിരുവനന്തപുരം: നവോത്ഥാന സംരക്ഷണ സമിതി സര്‍ക്കാര്‍ പുനസംഘടിപ്പിക്കുന്നു. ബൈലോ തയ്യാറാക്കി സ്ഥിരം സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
വലിയ ഇടവേളക്ക് ശേഷം നവോത്ഥാന സംരക്ഷണ സമിതിയുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
സംഘപരിവാറിന്റെ നേതൃത്വത്തില്‍ പല തരത്തിലുള്ള വര്‍ഗ്ഗീയ ധ്രുവികരണത്തിന് സംസ്ഥാനത്ത് ശ്രമം നടക്കുന്നത് തടയാന്‍ കൂടിയാണ് സമിതിയെ പുനസംഘടിപ്പിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട ചിലര്‍ വ്യക്തമാക്കുന്നത്. രാവിലെ 11 മണിക്ക് തിരുവനന്തപുത്ത് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയും സമിതിയുടെ മറ്റ് നേതാക്കളും പങ്കെടുക്കും. തുടര്‍ പരിപാടികള്‍ യോഗത്തില്‍ തീരുമാനിക്കും.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘ പരിവാര്‍ വലിയ പ്രതിഷേധങ്ങളും പ്രചരണങ്ങളും നടത്തിയതിന് പിന്നാലെയാണ് നവോത്ഥാന സംരക്ഷണ സമിതി സര്‍ക്കാര്‍ മുന്‍കൈ എടുത്ത് രൂപീകരിച്ചത്. തൊട്ട് പിന്നാലെ ലക്ഷക്കണക്കിന് സ്ത്രീകളെ പങ്കാളികളാക്കി വനിത മതില് കേരളത്തില്‍ ഉടനീളം തീര്‍ത്തു. എന്നാല്‍ അതിന് ശേഷം സംഘടനയുടെ പ്രവര്‍ത്തനം മൂന്ന് നാല് യോഗങ്ങളില്‍ ഒതുങ്ങി. പിന്നാലെ തെരഞ്ഞടുപ്പ് വരികയും പിണറായി വിജയന് രണ്ടാമതും അധികാരത്തില്‍ എത്തുകയും ചെയ്തു. അധികാരമേറ്റ് ഒരു വര്‍ഷം അനക്കമില്ലാതിരുന്ന നവോത്ഥാന സംരക്ഷണ സമിതിയെ പുനസംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം. സംഘടനക്ക് ബൈലോ അടക്കം രൂപികരിച്ച് സ്ഥിരം സംവിധാനമാക്കി മാറ്റും.
