യുഎസില്‍ ഇന്ത്യന്‍ യുവതിയുടെ ആത്മഹത്യ; ഭര്‍തൃപീഡനമെന്ന് പരാതി

ലക്നൗ : ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ അമേരിക്കയില്‍ യുവതി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ 30 കാരി മന്‍ദീപ് കൗര്‍ ആണ് ആത്മഹത്യ ചെയ്തത്.

ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് അഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവതി ആരോപിക്കുന്നു. ഭര്‍ത്താവിനെതിരെ മാത്രമല്ല,അയാളുടെ മാതാപിതാക്കള്‍ക്കുമെതിരെയും ഗുരുതര ആരോപണങ്ങളാണ് മന്ദീപ് ഉന്നയിക്കുന്നത്. ഭര്‍ത്താവ് രഞ്‌ജോദ്ബീര്‍ സിങ് സന്ധു എട്ട് വര്‍ഷമായി പീഡിപ്പിക്കുകയാണെന്നാണ് ആരോപണം.

ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കുന്നില്ലെന്ന് കുറ്റപ്പെടുത്തി മന്‍ദീപിനെ ഭര്‍ത്താവ് നിരന്തരമായി ഉപദ്രവിച്ചിരുന്നുവെന്ന് പിതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ വ്യക്തമാക്കി. തനിക്ക് പെണ്‍കുഞ്ഞുങ്ങളെയല്ല ആണ്‍ കുട്ടിയെയാണ് വേണ്ടതെന്ന് സന്ധു പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. മാത്രമല്ല, തന്നെ ഉപദ്രവിക്കുന്നുവെന്ന് മന്‍ദീപ് പറയുന്ന വീഡിയോ ഇവരുടെ ബന്ധുക്കളും പുറത്തുവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *