2ജി എഥനോള്‍ പ്ലാന്റ് പാനിപ്പത്തില്‍ നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

ന്യൂഡെല്‍ഹി: ലോക ജൈവ ഇന്ധന ദിനത്തോടനുബന്ധിച്ച്‌, പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ പാനിപ്പത്തില്‍ രണ്ടാം തലമുറ (2ജി ) എഥനോള്‍ പ്ലാന്റ് ഓഗസ്റ്റ് 10 ന് വൈകുന്നേരം 4:30 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തിന് സമര്‍പ്പിക്കും.

രാജ്യത്ത് ജൈവ ഇന്ധനങ്ങളുടെ ഉല്‍പ്പാദനവും ഉപയോഗവും വര്‍ധിപ്പിക്കുന്നതിനായി ഗവണ്മെന്റ് വര്‍ഷങ്ങളായി സ്വീകരിച്ചുവരുന്ന നീണ്ട നടപടികളുടെ ഭാഗമാണ് പ്ലാന്റിന്റെ സമര്‍പ്പണം. ഊര്‍ജ മേഖലയെ കൂടുതല്‍ താങ്ങാനാവുന്നതും, കാര്യക്ഷമവും സുസ്ഥിരവുമാക്കി മാറ്റാനുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ ശ്രമത്തിന് അനുസൃതമാണിത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍) 900 കോടി രൂപ ചെലവിലാണ് പാനിപ്പത്ത് റിഫൈനറിക്ക് സമീപം 2 ജി എഥനോള്‍ പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്. അത്യാധുനിക തദ്ദേശീയ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി, പ്രതിവര്‍ഷം ഏകദേശം 2 ലക്ഷം ടണ്‍ നെല്ലിന്റെ വൈക്കോല്‍ ഉപയോഗിച്ച്‌ പ്രതിവര്‍ഷം ഏകദേശം 3 കോടി ലിറ്റര്‍ എത്തനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ ഈ പദ്ധതി ഇന്ത്യയുടെ മാലിന്യത്തില്‍ നിന്ന് സമ്ബത്ത് ഉദ്യമങ്ങളില്‍ ഒരു പുതിയ അധ്യായം രചിക്കും.

കാര്‍ഷിക-വിള അവശിഷ്ടങ്ങള്‍ക്ക് അന്തിമ ഉപയോഗം സൃഷ്ടിക്കുന്നത് കര്‍ഷകരെ ശാക്തീകരിക്കുകയും അവര്‍ക്ക് അധിക വരുമാനം സൃഷ്ടിക്കുന്നതിനുള്ള അവസരം നല്‍കുകയും ചെയ്യും. പ്ലാന്റിന്റെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ പദ്ധതി നേരിട്ട് തൊഴില്‍ നല്‍കുകയും വൈക്കോല്‍ മുറിക്കല്‍, കൈകാര്യം ചെയ്യല്‍, സംഭരണം മുതലായവയ്ക്ക് വിതരണ ശൃംഖലയില്‍ പരോക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

പദ്ധതിയില്‍ ജലം പുറന്തള്ളല്‍ ഒട്ടും ഉണ്ടാവില്ല. വൈക്കോല്‍ കത്തിക്കുന്നത് കുറയ്ക്കുന്നതിലൂടെ, പ്രതിവര്‍ഷം ഏകദേശം 3 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ബഹിര്‍ഗമനത്തിന് തുല്യമായ ഹരിതഗൃഹ വാതകങ്ങള്‍ കുറയ്ക്കുന്നതിന് പദ്ധതി സംഭാവന ചെയ്യുന്നു. ഇത് രാജ്യത്ത് പ്രതിവര്‍ഷം 63,000 കാറുകള്‍ റോഡുകളില്‍ നിന്ന് ഒഴിവാക്കുന്നതിന് തുല്യമാണ് .

Leave a Reply

Your email address will not be published. Required fields are marked *