തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതവും ഘടനാപരവുമായ മാറ്റം അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.
ആര്‍ ബിന്ദു. അടുത്തു തന്നെ അത്തരം മാറ്റം സാധ്യമാക്കുമെന്നും അതിനായി ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ.ശ്യാം ബി മേനോന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഏറ്റുവാങ്ങുകയായിരുന്നു അവര്‍.
കേരളത്തിലെ ഗവേഷണമേഖലയെ കൂടുതല്‍ ഊര്‍ജിതപ്പെടുത്തേണ്ടതുണ്ട്. യുവത്വം തൊഴില്‍ അന്വേഷകരായി നില്‍ക്കാതെ തൊഴില്‍ ദാതാക്കളായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് പഠനത്തിനൊപ്പം നൈപുണ്യ വികസനം കൂടി ഉറപ്പു വരുത്തുന്നത്. അസാപ് പോലുള്ള ഏജന്‍സികളെ അതിനായി കൂടുതല്‍ ഉപയോഗപ്പെടുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണകുറിച്ചുള്ള പ്രൊഫ.ശ്യാം ബി മേനോന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ വൈകാതെ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഇഷിതാ റോയി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. ശ്യാം ബി മേനോന്‍, പ്രൊഫ. എന്‍ കെ ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
