യു.എസില്‍ എഫ്.ബി.ഐ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ആയുധധാരിയെ വെടിവെച്ചു കൊന്നു

ന്യൂയോര്‍ക്ക്: യു.എസിലെ സിന്‍സിനാറ്റിയിലുള്ള എഫ്.ബി.ഐ കെട്ടിടത്തില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ആയുധധാരിയെ പൊലീസ് വെടിവെച്ചു കൊന്നു.

റിക്കി ഷിഫറാണ് (42) മരിച്ചത്. ഇയാള്‍ക്ക് തീവ്ര വലതുപക്ഷ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്. 2020 ജനുവരി ആറിന് യു.എസ് പാര്‍ലമെന്റ് മന്ദിരം ആക്രമിക്കാന്‍ ശ്രമിച്ച തീവ്രനിലപാടുള്ള സംഘടനകളുമായി ഇയാള്‍ക്കു ബന്ധമുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ ആക്രമിക്കുന്ന സമയത്ത് ഇദ്ദേഹം അവിടെയുണ്ടായിരുന്നു.

പ്രാദേശിക സമയം രാവിലെ 9.15ഓടെ കെട്ടിടത്തില്‍ സന്ദര്‍ശകരുടെ സുരക്ഷ പരിശോധന നടത്തുന്ന സ്ഥലത്തേക്ക് ആയുധങ്ങളുമായി അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ഇയാള്‍ സുരക്ഷാ സൈനികര്‍ രംഗത്തുവന്നതോടെ ഒഹായോയിലെ ക്ലിന്റന്‍ കൗണ്ടിയിലേക്ക് കാറില്‍ രക്ഷപ്പെടുകയിരുന്നു. ഇതിനിടെ പിന്തുടര്‍ന്നെത്തിയ പൊലീസ് ഇയാളെ തടഞ്ഞുനിര്‍ത്തി. പൊലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. സമീപത്തെ ചോളപ്പാടത്തില്‍ ഒളിച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എഫ്.ബി.ഐ ഓഫിസില്‍ ഇയാള്‍ അതിക്രമിച്ചു കയറാനുണ്ടായ സാഹചര്യം പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച ഡോണള്‍ഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയില്‍ എഫ്.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *