സജീവന്റെ മരണം; പൊലീസുകാരുടെ മുന്‍കൂര്‍ ജാമ്യം അന്വേഷണ സംഘത്തിന് തിരിച്ചടി

കോഴിക്കോട് : വടകരയില്‍ സജീവന്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി .

പ്രതികളായ പൊലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ കോടതി പറഞ്ഞത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

സജീവന്റെ ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകള്‍ മരണ കാരണമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രതികളായ പൊലീസുകാര്‍ക്ക് സജീവന്റെ രോഗത്തെക്കുറിച്ച്‌ അറിയില്ലായിവെന്നും കോടതി നിരീക്ഷിച്ചു. അഴിമതിക്കെതിരെ എസ് ഐ നിജീഷ് സ്വീകരിച്ച നിലപാട് രാഷ്ട്രീയ വൈരാഗ്യത്തിനും കേസിനും ഇടയാക്കിയെന്ന വാദവും കോടതി മുഖവിലയ്‌ക്കെടുത്തിരുന്നു.

വടകര സ്വദേശി സജീവന്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാര്‍ക്ക് ഇന്നലെയാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് . വടകര എസ് ഐ നിജീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ പ്രജീഷ്, എന്നിവര്‍ക്കും സസ്‌പെന്‍ഷനിലുളള എ എസ് ഐ അരുണ്‍, സി പി ഒ ഗിരീഷ് എന്നിവര്‍ക്കുമാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

എസ് ഐ നിജീഷ്, സി പി ഒ പ്രജീഷ് എന്നിവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയിരുന്നു. നാല് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിലാണ്. ഹൃദയാഘാതം മൂലമാണ് സജീവന്റെ മരണമെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. കഴിഞ്ഞ മാസം 21 നായിരുന്നു വടകര പൊലീസ് വാഹനാപകട കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവന്‍ കുഴഞ്ഞുവീണ് മരിച്ചത്. കസ്റ്റഡി മരണമെന്ന ആരോപണത്തെ തുടര്‍ന്ന് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *