തൃശൂര്‍: വടക്കേക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ മാതാപിതാക്കളെയും ഉള്‍പെടുത്താനുള്ള നീക്കവുമായി പൊലീസ്.
വിവരം അറിഞ്ഞിട്ടും ഇവര്‍ മറച്ചു വച്ചതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്താണ് പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടി ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസില്‍ വിവരം അറിയിക്കാന്‍ മാതാപിതാക്കള്‍ തയാറായില്ല.
സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.മറ്റു രണ്ടു പേര്‍ക്കായി അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കഞ്ചാവ് വില്പന നടത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിട്ടുണ്ട്. കഞ്ചാവ് വാങ്ങാന്‍ പ്രതികള്‍ ഇവരുടെ വീട്ടില്‍ എത്താറുണ്ടായിരുന്നു . ഈ സൗഹൃദം മുതലെടുത്താണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് രണ്ട് മാസം മുന്‍പാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടതോടെ സ്കൂള്‍ അധികൃതര്‍ കൗണ്‍സിലിങ് നടത്തുകയായിരുന്നു. കുട്ടിയുടെ കൈകള്‍ കെട്ടിയിട്ടാണ് പീഡിപ്പിച്ചതെന്ന് മൊഴിയില്‍ പറഞ്ഞു. മെയ് മാസം ട്യൂഷന് സെന്ററില്‍ വച്ചും പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു.
