റുഷ്ദി മരിച്ചിട്ടില്ലെന്ന് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് പ്രതി

ന്യൂയോര്‍ക്: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ സ്വന്തം നിലക്കാണ് ആക്രമിച്ചതെന്നും ഇക്കാര്യത്തില്‍ ഇറാന്റെ ‘റെവല്യൂഷനറി ഗാര്‍ഡു’മായി ബന്ധപ്പെട്ടിട്ടില്ലെന്നും പ്രതിയായ ഹാദി മത്തര്‍ പറഞ്ഞു.

‘വിവരംകെട്ട’ വ്യക്തിയായ റുഷ്ദിയെ ഇഷ്ടമില്ലായിരുന്നുവെന്നും ഷൗറ്റൗക്വ കൗണ്ടി ജയിലില്‍നിന്ന് ‘ന്യൂയോര്‍ക് പോസ്റ്റി’ന് നല്‍കിയ വിഡിയോ അഭിമുഖത്തില്‍ മത്തര്‍ വ്യക്തമാക്കി.

ന്യൂയോര്‍ക്കിലെ ഷൗറ്റൗക്വ ഇന്‍സ്റ്റിറ്റ്യൂഷനില്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് 75കാരനായ റുഷ്ദിയെ മത്തര്‍ കുത്തിയത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

റുഷ്ദി മരിച്ചിട്ടില്ലെന്ന് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് മത്തര്‍ പറഞ്ഞു. റുഷ്ദിക്കെതിരെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനി 1989ല്‍ പുറപ്പെടുവിച്ച ഫത്‍വയുടെ സ്വാധീനത്തിലാണോ കൊലപാതകശ്രമമെന്ന ചോദ്യത്തോട് മത്തര്‍ പ്രതികരിച്ചില്ല. ആയത്തുല്ല മഹദ്‍വ്യക്തിയാണ്.

അദ്ദേഹത്തോട് ബഹുമാനമുണ്ട്. ഇത്രമാത്രമേ പറയാനുള്ളൂവെന്നാണ് മത്തര്‍ വ്യക്തമാക്കിയത്. ‘സാത്താനിക് വേഴ്സസ്’ എന്ന പുസ്തകം രണ്ടുപേജ് മാത്രമാണ് വായിച്ചത്. റുഷ്ദി ഷൗറ്റൗക്വയില്‍ വരുന്നതായി നേരത്തേ ട്വീറ്റുണ്ടായിരുന്നു. ഇതുകണ്ടാണ് അവിടെ പോകാന്‍ തീരുമാനിച്ചത്.

അയാളെ എനിക്ക് ഇഷ്ടമല്ല. അയാള്‍ നല്ലവനാണെന്ന് കരുതുന്നില്ല. ഇസ്‍ലാമിക വിശ്വാസത്തെ ആക്രമിച്ചയാളാണ്. റുഷ്ദി എഴുതിയ കാര്യങ്ങള്‍ അധികം അറിയില്ല. എന്നാല്‍, യൂട്യൂബ് വിഡിയോകള്‍ കണ്ടിട്ടുണ്ടെന്നും 15 മിനിറ്റ് നീണ്ട അഭിമുഖത്തില്‍ മത്തര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *