തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റ് ജനറലുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച സംബന്ധിച്ച് ഏഴുചോദ്യങ്ങള്‍ക്ക് ഒരേ ഉത്തരം നല്കി മുഖ്യമന്ത്രി. നിയമസഭയില്‍ എം.എല്‍.എ. സനീഷ് കുമാര്‍ ജോസഫിന്റെ നക്ഷത്രചിഹ്നം ഇല്ലാത്ത ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
ക്ലിഫ്ഹൗസില്‍ ഒട്ടേറെത്തവണ മുഖ്യമന്ത്രി കോണ്‍സുലേറ്റ് ജനറലുമായി രഹസ്യചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സനീഷിന്റെ ചോദ്യം.
ഷാര്‍ജ ഭരണാധികാരിയുടെ ഔദ്യോഗികപരിപാടിയില്‍ മാറ്റംവരുത്തി ക്ലിഫ്ഹൗസ് സന്ദര്‍ശിച്ചുവെന്ന സ്വപ്നയുടെതന്നെ ആരോപണം മുഖ്യമന്ത്രി തള്ളിയിട്ടുണ്ട്. എന്‍. ഷംസുദ്ദീന്റെ ചോദ്യത്തിനാണ് ഇതിനുള്ള മറുപടി നല്‍കിയത്.
2017 സെപ്റ്റംബര്‍ 24 മുതല്‍ 27 വരെയാണ് ഷാര്‍ജ ഭരണാധികാരി കേരളം സന്ദര്‍ശിച്ചത്. ഈ ദിവസത്തെ പരിപാടികളില്‍ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയും ഉള്‍പ്പെട്ടതാണെന്ന് മുഖ്യമന്ത്രി മറുപടി നല്കി.
ഏഴു ചോദ്യം
1) 2016-20 കാലയളവില്‍ യു.എ.ഇ. കോണ്‍സുലേറ്റ് ജനറല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ്ഹൗസില്‍വെച്ച് എത്രതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
2) ഏതൊക്കെ ദിവസങ്ങളില്‍ ഏതൊക്കെ സമയത്താണ് കൂടിക്കാഴ്ച നടത്തിയത്.
3) പ്രസ്തുത കൂടിക്കാഴ്ചകള്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടായിരുന്നോ.
4) ഉണ്ടെങ്കില്‍ അതുസംബന്ധിച്ച വിശദാംശം നല്‍കാമോ
5) മേല്‍പ്പറഞ്ഞ കൂടിക്കാഴ്ച ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നോ.
6) ആണെങ്കില്‍ ഏതൊക്കെ കാര്യങ്ങളാണ് ചര്‍ച്ചചെയ്തത്.
7) എന്തൊക്കെ തീരുമാനങ്ങളാണ് കൈക്കൊണ്ടത് എന്ന് വ്യക്തമാക്കുമോ.
ഉത്തരം
ഔദ്യോഗികസ്വഭാവമുള്ള കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. ഇത്തരം കൂടിക്കാഴ്ചയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല.
