ലോഡ്ജില്‍ യുവാവിനെ കെട്ടിയിട്ട് കവര്‍ച്ച; യുവതി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

കൊച്ചി: യുവാവിനെ ലോഡ്ജ് മുറിയില്‍ കെട്ടിയിട്ടു സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്ത സംഭവത്തില്‍ 3 പേരെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഉമയനല്ലൂര്‍ തഴുത്തല ഷീലാലയത്തില്‍ ജിതിന്‍ (28), ഭാര്യ ഹസീന (28), കൊട്ടാരക്കര ചന്ദനത്തോപ്പ് അന്‍ഷാദ് മന്‍സിലില്‍ അന്‍ഷാദ് (26) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ഈ മാസം എട്ടിനാണു കേസിനാസ്പദമായ സംഭവമുണ്ടായത്. കേസിലെ ഒന്നാം പ്രതിയായ ഹസീന തൃപ്പൂണിത്തുറയില്‍ ഹോം നഴ്‌സിങ് സര്‍വീസ് നടത്തുന്ന വൈക്കം സ്വദേശിയായ യുവാവിനെ ജോലി വേണമെന്ന വ്യാജേനയാണു സമീപിച്ചത്. ചില സ്ഥലങ്ങളില്‍ ജോലിയുണ്ടെന്നു കാണിച്ചു യുവാവ് വാട്‌സാപ് സന്ദേശങ്ങള്‍ അയച്ചു.
പിന്നീട് തനിക്കു കുറച്ചു പണം വേണമെന്നു ഹസീന ആവശ്യപ്പെട്ടു. യുവാവ് ഓണ്‍ലൈനില്‍ പണം അയയ്ക്കാമെന്നു പറഞ്ഞു. എന്നാല്‍, വായ്പയെടുത്തിട്ടുള്ളതിനാല്‍ അക്കൗണ്ടില്‍ പണം വന്നാല്‍ ബാങ്കുകാര്‍ എടുക്കുമെന്നും നേരിട്ടു പണം തന്നാല്‍ മതിയെന്നും ഹസീന പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവ് ഹോസ്പിറ്റല്‍ റോഡിലുള്ള ലോഡ്ജില്‍ എത്തി. ഇരുവരും സംസാരിച്ചിരിക്കുമ്പോള്‍ ഹസീനയുടെ ഭര്‍ത്താവ് ജിതിനും സുഹൃത്തുക്കളായ അന്‍ഷാദും അനസും മുറിയിലെത്തി. യുവാവിനെ കസേരയില്‍ കെട്ടിയിട്ടു വായില്‍ തോര്‍ത്തു തിരുകി മര്‍ദിച്ചു. യുവാവ് ധരിച്ചിരുന്ന മാല, കൈ ചെയിന്‍, മോതിരം എന്നിവ ഊരിയെടുത്തു. കൈവശമുണ്ടായിരുന്ന 30,000 രൂപയും കവര്‍ന്നു. എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ വാങ്ങി എടിഎം വഴി 10,000 രൂപ പിന്‍വലിച്ചു.
യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച അന്‍ഷാദ് ഇതു പെന്റാ മേനകയിലെ കടയില്‍ വിറ്റു. ഇതിനു പുറമേ യുവാവിനെ ഭീഷണിപ്പെടുത്തി 15,000 രൂപ ഗൂഗിള്‍ പേ വഴിയും ഹസീന കൈക്കലാക്കി.
വിവരം പുറത്തു പറഞ്ഞാല്‍ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തും എന്ന ഭീഷണിയെ തുടര്‍ന്ന് ആദ്യം പരാതിപ്പെടാന്‍ ഭയന്ന യുവാവ് പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ 3 പ്രതികളെ അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ അനസ് ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *