മലപ്പുറം: വര്‍ഗീയത പറഞ്ഞ് നാടിന്‍റെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലക്കെതിരെ കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്.
സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും മത സൗഹാര്‍ദത്തിന്‍റേയും നാടായ മലപ്പുറത്ത് വന്ന് അവിടുത്തെ സ്വസ്ഥത തകര്‍ക്കുന്ന വിധം വിഷലിപ്തമായ പ്രസംഗമാണ് ശശികല നടത്തിയത്. രാജ്യത്തിനു വേണ്ടി വീര്യമൃത്യു വരിച്ച ധീരരായ സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രത്തെ മായ്ച്ചു കളയാമെന്ന് ആരും കരുതരുതെന്നും ഈ നാട് തന്നെ അവര്‍ക്കുള്ള സ്മാരകമാണെന്നും മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല പ്രസിഡന്‍റ് ഷരീഫ് കുറ്റൂരും ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫും പറഞ്ഞു.
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രവും മലപ്പുറത്തിന്‍റെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടവും വികലമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും. പാണക്കാട് തങ്ങന്മാരുടെ നേതൃത്വമാണ് മലപ്പുറത്തിന്‍റെ ഏറ്റവും വലിയ അനുഗ്രഹം. ജനങ്ങളെ ഭിന്നിപ്പിച്ച് മനുഷ്യ മനസ്സുകളെ അകറ്റാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ജീവിതത്തിന്‍റെ ഭാഗമാക്കിയ ശശികലയേക്കാള്‍ വിശ്വാസമാണ് മലപ്പുറത്തെ ഓരോ ഹിന്ദു സഹോദരനും പാണക്കാട് തങ്ങന്മാരെ. മലപ്പുറത്തിന്‍റെ പാരമ്ബര്യം തകര്‍ക്കാനും ചരിത്രത്തെ വികലമാക്കി വ്യാഖ്യാനിക്കാനുമുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും ഇതിനെ മലപ്പുറം ജനത ഒറ്റക്കെട്ടായി നേരിടുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിതാല്‍ തകര്‍ക്കാന്‍ ലോകത്തിലെ മുഴുവന്‍ ഹിന്ദുമത വിശ്വാസികളും മലപ്പുറത്തേക്ക് എത്തുമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല രംഗത്തെത്തിയിരുന്നു. 1921ലെ ഹിന്ദുവംശഹത്യക്ക് നേതൃത്വം നല്‍കിയവര്‍ക്ക് സ്മാരകം പണിയാനുള്ള നീക്കത്തില്‍ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പിന്‍മാറമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശികലയുടെ ഭീഷണി. മലപ്പുറം ജില്ലയില്‍ 26 ശതമാനം മാത്രം വരുന്ന ഹിന്ദുക്കള്‍ ശത്രുക്കളാണോ എന്ന് ശശികല ചോദിച്ചു. ഇതിനു മറുപടി പറയേണ്ടത് പോപുലര്‍ ഫ്രണ്ടുകാരനോ സുഡാപ്പിക്കാരനോ ഐ.എസുകാരനോ അല്ലാ പാണക്കാട് തങ്ങളടക്കമുള്ള മതനേതൃത്വമാണെന്നും ശശികല പറഞ്ഞു.
