ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഭാരത ഐക്യയാത്രയ്ക്ക് തുടക്കംകുറിച്ച് കന്യാകുമാരിയില്‍ രാഹുല്‍ ഗാന്ധിക്ക് ദേശീയപതാക കൈമാറുന്നത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. ഈമാസം ഏഴിന് കന്യാകുമാരിയില്‍നിന്നാണ് കശ്മീരിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.
യാത്ര പുറപ്പെടുന്നതിനുമുമ്പ് രാഹുല്‍ ഗാന്ധി പിതാവ് രാജീവ് ഗാന്ധിയുടെ ശ്രീപെരുംപുതൂരിലെ സ്മാരകം സന്ദര്‍ശിച്ച് പ്രാര്‍ഥിക്കും. പിന്നീടാകും കന്യാകുമാരിയിലേക്ക് പോവുക. കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറ സ്മാരകവും തിരുവള്ളൂര്‍ പ്രതിമയും കാമരാജ് സമാധിയും രാഹുല്‍ സന്ദര്‍ശിക്കും. മഹാത്മാഗാന്ധി മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്റ്റാലിന് രാഹുലിന് ദേശീയപതാക കൈമാറും. എട്ടുമുതല്‍ രാഹുലിന്റെ നേതൃത്വത്തില്‍ യാത്രതുടങ്ങും. രാവിലെ ഏഴുമുതല്‍ 10.30 വരെയും ഉച്ചകഴിഞ്ഞ് മൂന്നരമുതല്‍ ആറരവരെയുമാണ് പദയാത്ര.
11നാണ് പദയാത്ര കേരളത്തിലെത്തുന്നത്. 18 ദിവസം യാത്ര കേരളത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോവും. 30ന് കര്‍ണാടകത്തിലെത്തുന്ന യാത്ര തുടര്‍ന്ന് ഇന്ദോര്‍, കോട്ട, അല്‍വര്‍, ഡല്‍ഹി, പത്താന്‍കോട്ട്, ജമ്മു എന്നിവിടങ്ങളിലൂടെ കടന്നുപോയി ശ്രീനഗറില്‍ അവസാനിക്കും. കന്യാകുമാരിമുതല്‍ കശ്മീര്‍വരെ 3570 കിലോമീറ്റര്‍ ദൂരമാണ് യാത്ര കടന്നുപോവുന്നത്. രാഹുലടക്കം 118 നേതാക്കളാണ് അഞ്ചുമാസത്തിലേറെ നീളുന്ന യാത്രയില്‍ പങ്കെടുക്കുന്നത്. സ്ഥിരം യാത്രക്കാരുടെ പട്ടികയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനുമുണ്ട്.
താത്പര്യമറിയിച്ചവരില്നിന്നാണ് യാത്രയ്ക്കായി നേതാക്കളെ തിരഞ്ഞെടുത്തത്. ഇതില്‍ രാഹുലടക്കം ഒമ്പതുനേതാക്കളാണ് 50ലേറെ പ്രായമുള്ളവര്‍. ജമ്മുകശ്മീരില്‍നിന്നുള്ള 58കാരനായ വിജയ് കുമാര്‍ ശാസ്ത്രിയാണ് കൂട്ടത്തിലെ കാരണവര്‍. 20 പേര് 25 മുതല്‍ 30 വരെ പ്രായമുള്ളവരാണ്. 31 മുതല്‍ 40 വരെ പ്രായമുള്ള 51 പേരും 41 മുതല്‍ 50 വയസ്സുവരെ പ്രായമുള്ള 38 പേരുമാണ് യാത്രയില്‍ പങ്കെടുക്കുന്നത്. 34 വനിതാ നേതാക്കളുമുണ്ട്.
യാത്രയില്‍ പങ്കെടുക്കുന്നുവരെ മൂന്നായാണ് തിരിച്ചിരിക്കുന്നത്. സ്ഥിരം യാത്രക്കാര്‍ ‘ഭാരത യാത്രി’കള്‍. ഓരോ സംസ്ഥാനത്തും യാത്രയ്ക്കൊപ്പം ചേരുന്നവര്‍ ‘അതിഥി യാത്രി’കള്‍. ഓരോ സ്ഥലത്തും യാത്രയില്‍ പങ്കുചേരുന്നവര്‍ ‘പ്രദേശ് യാത്രി’കള്‍. യാത്രയില്‍ പങ്കെടുക്കാന്‍ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ചെയ്ത പാര്‍ട്ടി അംഗമല്ലാത്തവരെ ഉള്‍പ്പെടുത്താന്‍ ‘വോളന്റിയര്‍ യാത്രി’കള്‍ എന്ന പുതിയ വിഭാഗത്തെയും ചേര്‍ത്തിട്ടുണ്ട്. യാത്രയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ക്കായി വിവിധസംസ്ഥാനങ്ങള്‍ സന്ദര്ശിച്ചുവരുകയാണെന്ന് ദേശീയനേതൃത്വം അറിയിച്ചു.
