വൈത്തിരി: കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരംപാത അവധി ദിനത്തിലെ തിരക്കില്‍ വീര്‍പ്പുമുട്ടുന്നു.
ശനി, ഞായര്‍ ദിവസങ്ങളിലും പൊതുഅവധി ദിനങ്ങളിലുമാണ് അനിയന്ത്രിതമായ തിരക്ക് ചുരംപാതയില്‍ അനുഭവപ്പെടുന്നത്. മുടിപ്പിന് വളവുകളുടെ തുടക്കംമുതല്‍ വ്യൂ പോയന്റ് വരെയുള്ള ഭാഗത്തും അവിടെനിന്ന് ജില്ലയുടെ കവാടം വരെയുള്ള ഭാഗത്ത് പലയിടങ്ങളിലും ഒറ്റയ്ക്കും കൂട്ടമായെത്തിയും ഏറെനേരം തമ്ബടിക്കുകയാണ് വിനോദ സഞ്ചാരികള്‍. വാഹനസാന്ദ്രത, അപകടങ്ങള്‍, യന്ത്രത്തകരാറുകള്‍, മണ്ണിടിച്ചില്‍, മരംവീഴ്ച, റോഡ് തകര്‍ച്ച എന്നിവയെല്ലാം സ്വതവേ ഗതാഗതക്കുരുക്ക് തുടര്‍ക്കഥയാക്കുന്ന താമരശ്ശേരി ചുരത്തില്‍, നൂറുകണക്കിന് സഞ്ചാരികളാണ് മഴക്കാലത്തെ അവധിദിനങ്ങളില്‍ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നത്. പാര്‍ക്കിങ്ങിന് നിരോധനമുള്ള ചുരം വ്യൂ പോയന്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും ഗതാഗത കുരുക്കിനിടയാക്കുന്നുണ്ട്.
