കൂടിയ വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രി പറഞ്ഞിട്ട്: കെ.കെ ശൈലജ

കോവിഡ് പ്രതിരോധത്തിന് കൂടിയ വിലയ്ക്ക് വാങ്ങിയതില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ.

കൂടിയ വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രി പറഞ്ഞിട്ടാണ്. കോവിഡിന്റെ തുടക്കത്തില്‍ പിപിഇ കിറ്റ് കിട്ടാനില്ലായിരുന്നു. ഈ സമയം ഒരു കമ്ബനി കിറ്റ് പുറത്തിറക്കുന്നതായി അറിഞ്ഞു. എന്നാല്‍ 1500 രൂപയയാിരുന്നു വില.

ഇക്കാര്യം താന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. വില കൂടുതലാണെന്ന കാര്യവും അറിയിച്ചു. എന്നാല്‍ എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ജീവനാണ് പ്രധാനം. ഇതു പ്രകാരം 50,000 പിപിഇ കിറ്റ് 1500 രൂപ നിരക്കില്‍ വാങ്ങാന്‍ തീരുമാനിച്ചു. 15,000 കിറ്റുകള്‍ 1500 രൂപയ്ക്ക് വാങ്ങി. പിന്നീട് മാര്‍ക്കറ്റില്‍ വന്നു തുടങ്ങിയതോടെ വിലകുറഞ്ഞു. പിന്നീടുള്ള 35,000 എണ്ണം 500 രൂപയ്ക്ക് വാങ്ങിയെന്നും കെ.കെ ഷൈലജ പറഞ്ഞു.

എന്തു ചെയ്താലും പുഷ്പങ്ങള്‍ക്കൊപ്പം മുള്ളുകളുമുണ്ടാകും. അതില്‍ കുഴപ്പമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുവൈറ്റില്‍ ഒരു പരിപാടിയിലാണ് കെ.കെ ഷൈലജയുടെ പ്രതികരണം. പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന പരാതിയില്‍ കെ.കെ ശൈലജയ്ക്കു ലോകായുക്ത നോട്ടീസ് നല്‍കിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിപണിവിലയുടെ മൂന്നിരട്ടി വിലക്ക് സ്വകാര്യ കമ്ബനിയില്‍ നിന്നടക്കം പിപിഇ കിറ്റ് വാങ്ങിയതിലടക്കമാണ് അന്വേഷണം. 450 രൂപയുളള പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയെന്നാണ് പരാതിയിലെ ആരോപണം. കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്നതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *