യു.എ.ഇയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ്; പ്രീമിയം മാസം അഞ്ചു ദിര്‍ഹം മാത്രം

ദുബൈ: തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കായി നടപ്പാക്കുന്ന ഇന്‍ഷുറന്‍സിന്‍റെ കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു.

മാസം അഞ്ചു ദിര്‍ഹം മുതല്‍ പ്രീമിയം അടച്ച്‌ ഇന്‍ഷുറന്‍സിന്‍റെ ഭാഗമാകാം. 2023 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് മറ്റൊരു ജോലി കണ്ടെത്തുന്നത് വരെ ആശ്വാസമാകുന്ന ഇന്‍ഷുറന്‍സ് സ്കീമാണിത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പരിരക്ഷ ലഭിക്കും.

രണ്ടുതരം ഇന്‍ഷുറന്‍സാണ് അവതരിപ്പിക്കുന്നത്. 16,000 ദിര്‍ഹം വരെ അടിസ്ഥാന ശമ്ബളമുള്ളവര്‍ക്ക് മാസത്തില്‍ അഞ്ചുദിര്‍ഹം വീതം അടച്ച്‌ ഇന്‍ഷുറന്‍സില്‍ ചേരാം. അല്ലെങ്കില്‍ വര്‍ഷത്തില്‍ 60 ദിര്‍ഹം അടക്കണം. 16,000 ദിര്‍ഹമിന് മുകളില്‍ അടിസ്ഥാന ശമ്ബളമുള്ളവര്‍ മാസം 10 ദിര്‍ഹം വീതമോ വര്‍ഷത്തില്‍ 120 ദിര്‍ഹമോ പ്രീമിയം അടക്കണം.

മൂന്നുമാസത്തില്‍ ഒരിക്കലോ ആറു മാസം കൂടുമ്ബോഴോ പ്രീമിയം അടക്കാനും സൗകര്യമുണ്ട്. ജീവനക്കാരാണ് ഇന്‍ഷുറന്‍സ് തുക അടക്കേണ്ടത്, സ്ഥാപനമല്ല. ഇന്‍ഷുറന്‍സ് പദ്ധതിയുമായി സഹകരിക്കുന്നതിന് ഒമ്ബതു സ്ഥാപനങ്ങളുമായി മന്ത്രാലയം കരാര്‍ ഒപ്പുവെച്ചു.

ശമ്ബളം 16,000 ദിര്‍ഹമില്‍ താഴെയുള്ളവര്‍ക്ക് പരമാവധി പ്രതിമാസം 10,000 ദിര്‍ഹമാണ് ഇന്‍ഷുറന്‍സായി ലഭിക്കുക. 16,000 ദിര്‍ഹമിന് മുകളിലുള്ളവര്‍ക്ക് പരമാവധി 20,000 ദിര്‍ഹം ലഭിക്കും. അടിസ്ഥാന ശമ്ബളത്തിന്‍റെ 60 ശതമാനമാണ് ഇന്‍ഷുറന്‍സ് തുകയായി കണക്കാക്കുന്നത്. ജോലി നഷ്ടപ്പെട്ട് മൂന്നുമാസം വരെയാണ് തുക ലഭിക്കുന്നത്.

എന്നാല്‍, ഇക്കാലയളവിനിടെ പുതിയ ജോലി ലഭിക്കുകയോ രാജ്യം വിടുകയോ ചെയ്താല്‍ പിന്നീട് തുക ലഭിക്കില്ല. സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, ഇന്‍ഷുറന്‍സ് പൂളിന്‍റെ ഇ-പോര്‍ട്ടല്‍, കാള്‍ സെന്‍റര്‍ എന്നിവ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. ജോലി നഷ്ടപ്പെട്ട് 30 ദിവസത്തിനുള്ളില്‍ ക്ലെയിമിനായി അപേക്ഷ സമര്‍പ്പിക്കണം. രണ്ടാഴ്ചക്കുള്ളില്‍ തുക ലഭിച്ച്‌ തുടങ്ങും.അതേസമയം, സ്വന്തം സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍, വീട്ടുജോലിക്കാര്‍, പാര്‍ട്ട് ടൈം ജീവനക്കാര്‍, 18 വയസ്സില്‍ താഴെയുള്ളവര്‍, വിരമിക്കല്‍ പെന്‍ഷന്‍ സ്വീകരിച്ച ശേഷം പുതിയ ജോലിയില്‍ പ്രവേശിച്ചവര്‍, കമീഷന്‍ രീതിയില്‍ ജോലിചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കില്ല. അച്ചടക്ക നടപടിയുടെ പേരില്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടവര്‍ക്കും പരിരക്ഷ ലഭിക്കില്ല. ഇന്‍ഷുറന്‍സ് തുക അടക്കാന്‍ തുടങ്ങി 12 മാസം പിന്നിട്ട ശേഷമേ പരിരക്ഷക്ക് യോഗ്യതയുണ്ടാവൂ. നഷ്ടപരിഹാരം ആവശ്യപ്പെടുന്നതില്‍ കൃത്രിമം കാണിച്ചാല്‍ ശിക്ഷിക്കപ്പെടും. ജോലിചെയ്യുന്ന സ്ഥാപനം യഥാര്‍ഥമല്ലെന്ന് കണ്ടെത്തിയാല്‍ പിഴ ഈടാക്കും.

ഇന്‍ഷുറന്‍സ് പൂളിന്‍റെ വെബ്സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, എ.ടി.എം, കിയോസ്ക് മെഷീന്‍, ബിസിനസ് സെന്‍റര്‍, മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍, ഡു, ഇത്തിസാലാത്ത്, എസ്.എം.എസ് തുടങ്ങിയ സംവിധാനങ്ങള്‍ വഴി ഉപഭോക്താക്കള്‍ക്ക് സ്കീമില്‍ ചേരാം.

Leave a Reply

Your email address will not be published. Required fields are marked *