ശബരിമല വിമാനത്താവളം‍: മണ്ണ് പരിശോധന റിപ്പോര്‍ട്ട് അനുകൂലം

എരുമേലി: ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലി, ശബരിമല വിമാനത്താവളം വീണ്ടും ചര്‍ച്ചാ കേന്ദ്രമാകുന്നു. മാസങ്ങള്‍ക്ക് മുമ്ബ് നടന്ന മണ്ണ് പരിശോധന റിപ്പോര്‍ട്ട് അനുകൂലമായതോടെയാണ് പദ്ധതിക്കായി ആവശ്യമുള്ള സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

എരുമേലി – മണിമല വില്ലേജുകളില്‍ ഉള്‍പ്പെട്ട എസ്റ്റേറ്റിലെ 2570 ഏക്കറും, ചെറുവള്ളി തോട്ടത്തിന് പുറത്ത് 307 ഏക്കറുമാണ് വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പദ്ധതിയുടെ നിര്‍മാണത്തിന് തുടര്‍ച്ചയെന്നോണം മാസങ്ങള്‍ക്ക് മുമ്ബ് എട്ട് ഭാഗങ്ങളിലായി മണ്ണ് പരിശോധന നടന്നിരുന്നു. ചെറുവള്ളി തോട്ടത്തില്‍ ആറ് സ്ഥലത്തും തോട്ടത്തിന് പുറത്തായി ഒഴക്കനാടിന് സമീപവും ഓരുങ്കല്‍കടവ് റോഡ് ഭാഗത്തുമായാണ് മണ്ണ് പരിശോധന നടന്നത്.

ലൂയിസ് ബര്‍ഗ് എന്ന ഏജന്‍സിയാണ് പദ്ധതിയുടെ നിര്‍മാണ ചുമതല. ചെറുവള്ളിത്തോട്ടത്തിലെ നാനൂറോളം വരുന്ന കുടുംബങ്ങളും, 290 തൊഴിലാളികളും തോട്ടത്തിന് പുറത്ത് വരുന്ന 307 ഏക്കറില്‍ താമസിക്കുന്ന കുടുംബങ്ങളും പദ്ധതിയുടെ നിര്‍മാണത്തിനായി താമസം മാറുകയും മറ്റുള്ളവര്‍ സ്ഥലം വിട്ടുകൊടുക്കേണ്ടതായും വരും.

അതേസമയം അവകാശം സംബന്ധിച്ച്‌ തര്‍ക്കം നിലനില്ക്കുന്ന എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ പേര് മാറ്റി കരം അടക്കാനുള്ള നീക്കം റവന്യൂ വകുപ്പ് തടഞ്ഞു. 59 ലക്ഷം രൂപയാണ് കരമായി സര്‍ക്കാരിന് അടയ്ക്കാനുള്ളത്. ഈ തുക അടക്കുന്നതിനായാണ് കഴിഞ്ഞ ദിവസം തോട്ടം അധികൃതര്‍ എരുമേലി തെക്ക് വില്ലേജ് ഓഫീസിലെത്തിയത്. എന്നാല്‍ ചെറുവള്ളി തോട്ടം ബിലീവേഴ്‌സ് ചര്‍ച്ച്‌ എന്നതിന് പകരം നയന ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ കരം അടക്കാനാണ് ആവശ്യപ്പെട്ടത്.

എന്നാല്‍ ഇത് സംബന്ധിച്ച്‌ ജില്ലാ കളക്ടര്‍ക്കും സര്‍ക്കാരിനും എരുമേലി തെക്ക് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതിനിടയിലാണ് ചെറുവള്ളിത്തോട്ടം വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ചെറുവള്ളി തോട്ടം ബിലീവേഴ്‌സ് ചര്‍ച്ച്‌ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഉടമസ്ഥാവകാശം സംബന്ധിച്ച്‌ നിലവില്‍ വിവിധ കോടതികളിലായി അഞ്ചോളം കേസുകളാണ് നിലനില്ക്കുന്നത്. ഉടമസ്ഥാവകാശം പരിഹരിക്കപ്പെടാതെ ഭൂമി വിട്ടു നല്കില്ലെന്നാണ് ബിലിവേഴ്‌സ് ചര്‍ച്ച്‌ പറഞ്ഞിരുന്നത് . എന്നാല്‍ വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ബാക്കി സ്ഥലം സംബന്ധിച്ചും തീരുമാനമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *