കൂറ്റനാട്
വാഹനമിടിച്ച് പരിക്കേറ്റ് നടക്കാനാവാതെ റോഡില്‍ കിടന്ന കാട്ടുപന്നിക്ക് ചുറ്റും തമ്ബടിച്ച് പന്നിക്കൂട്ടം.
കൂറ്റനാട് കൂട്ടുപാത—ഷൊര്‍ണൂര്‍ റോഡില്‍ ഞായറാഴ്ച വൈകിട്ട് ആറിനാണ് റോഡ് മുറിച്ച് കടക്കുന്നതിനിടെ പന്നിയെ വാഹനമിടിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ പന്നിയെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയി. ഗുരുതര പരിക്കേറ്റ് നടക്കാന്‍ കഴിയാതെ വന്ന പന്നിയെ ഒപ്പമുണ്ടായിരുന്ന മറ്റ് പന്നികള്‍ ചേര്‍ന്ന് തള്ളി റോഡരികിലേക്ക് മാറ്റി. തുടര്‍ന്ന് കുട്ടികളടക്കമുള്ള പന്നിക്കൂട്ടം പരിക്കേറ്റ പന്നിക്ക് കൂട്ടിരുന്നു. ഈ കാഴ്ചകാണാന്‍ ആള്ക്കാര് കൂടിയതോടെ പന്നിക്കൂട്ടം മടങ്ങി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിക്കേറ്റ പന്നിയെ കൊണ്ടുപോയി.
