മാദ്ധ്യമ പ്രവര്‍ത്തകരെ സുഹൃത്തുക്കളെപ്പോലെ കാണുന്നു; തന്റെ ടി-ഷര്‍ട്ടിനെപ്പറ്റി പറയരുതെന്ന് രാഹുല്‍

ലക്നൗ: ജനങ്ങളുടെ മനസ്സില്‍ നിന്ന് ഭയം അകറ്റാനും വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാനുമാണ് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയെന്ന് രാഹുല്‍ ഗാന്ധി.

മാദ്ധ്യമങ്ങള്‍ താന്‍ ധരിക്കുന്ന ടി-ഷര്‍ട്ടല്ല ശ്രദ്ധിക്കേണ്ടതെന്നും തന്റെ കൂടെ നടക്കുന്നുവരുടെ വസ്ത്രങ്ങളാണ് കാണേണ്ടതെന്നും രാഹുല്‍ ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘ഞാന്‍ ധരിക്കുന്ന ടി-ഷര്‍ട്ട് മാത്രമാണ് മാദ്ധ്യമങ്ങള്‍ ശ്രദ്ധിക്കുന്നത്. പാവപ്പെട്ട കര്‍ഷകരും തൊഴിലാളികളും കീറിയ വസ്ത്രങ്ങളുമായി എനിക്കൊപ്പം നടക്കുന്നത് മാദ്ധ്യമങ്ങള്‍ ശ്രദ്ധിക്കുന്നില്ല. 110 ദിവസം കൊണ്ട് 3,000 കിലോമീറ്ററിലധികം ഞാന്‍ കാല്‍നടയായി സഞ്ചരിച്ചു. എന്നാല്‍ എനിക്ക് ക്ഷീണം തോന്നുന്നില്ല. മാദ്ധ്യമങ്ങളെ ഞാന്‍ സുഹൃത്തുക്കളെപ്പോലെയാണ് കാണുന്നത്. എന്നാല്‍, അവര്‍ അവരുടെ മുതലാളിമാരെ ഭയന്ന് യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ഉന്നയിക്കേണ്ട കടമകള്‍ മറന്ന് എന്റെ ടി-ഷര്‍ട്ടിനെ കുറിച്ച്‌ പറയുന്നു’.

‘മാദ്ധ്യമങ്ങള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാത്തതിനാല്‍, നോട്ട് നിരോധനം, തെറ്റായ ജിഎസ്ടി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഞങ്ങള്‍ ആലോചിച്ചു. പക്ഷേ അവിടെ മൈക്ക് ഓഫ് ചെയ്തു. അതിനാല്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടക്കാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാനും കേള്‍ക്കാനും ഞാന്‍ അവരിലേയ്‌ക്കിറങ്ങി. ജനങ്ങളുടെ മനസ്സില്‍ നിന്ന് ഭയം നീക്കം ചെയ്യാനും വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുമാണ് കോണ്‍ഗ്രസിന്റെ യാത്ര’ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *