മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ പുതുശ്ശേരി നരിക്കുന്ന് പള്ളിപറമ്ബില്‍ തോമസ് മരണത്തിനു കീഴടങ്ങി.
ഇതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം സംഘര്‍ഷത്തിലാണ് കലാശിച്ചത്.
ഹര്‍ത്താല്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങളാണ് ജില്ലയില്‍. കൃഷിയിടത്തില്‍ കടുവയെ കണ്ടതായി പ്രചരിച്ച വാര്‍ത്ത തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശ്ശേരി നരിക്കുന്ന് വെള്ളാരംകുന്ന് പ്രദേശത്തുകാര്‍ ആദ്യം വിശ്വസിച്ചില്ല. പിന്നീട് തോമസ് എന്ന സാലുവിന് ആക്രമണത്തില്‍ പരുക്കേറ്റതോടെ വാര്‍ത്ത യാഥാര്‍ഥ്യമാണെന്ന് ബോധ്യമായി.
മാനന്തവാടി വനം റേഞ്ചിലെ മക്കിയാട് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പുതുശ്ശേരി വെള്ളാരംകുന്ന് ഭാഗത്താണ് വ്യാഴാഴ്ച രാവിലെയാണ് കടുവയിറങ്ങിയത്. പരിക്കേറ്റ സാലുവിനെ ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷം കടുവയുടെ കാല്‍പ്പാടുകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥിരീകരിച്ചു. തവിഞ്ഞാല്‍ പഞ്ചായത്തിലെ വെണ്‍മണിയിലും പാലോട്ടും തൊട്ടടുത്ത പ്രദേശങ്ങളിലെ വയലുകളിലും ഇതേകാല്‍പ്പാടുകള്‍ കണ്ടെത്തി. ഇതെല്ലാം ഒരേ കടുവയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
രാവിലെ 9.30നാണ് നടുപ്പറമ്ബില്‍ ലിസി വാഴത്തോട്ടത്തിന് സമീപം കടുവയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ തൊട്ടടുത്ത ആലക്കല്‍ ജോമോന്റെ വയലിലും കണ്ടത്തി. ഇതിനിടെ വനം വകുപ്പിനെ വിവരമറിയിച്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
പത്തുമണിയോടെയാണ് പ്രദേശവാസിയായ തോമസിന് നേരെ കടുവയുടെ ആക്രമണമുണ്ടായത്. തോട്ടത്തില്‍ കുരുമുളക് പറിക്കാനായി പോയതായിരുന്നു തോമസ്. വലതുകാലിലാണ് കടുവ ആക്രമിച്ചത്. നെഞ്ചിലും കൈക്കും പരിക്കേറ്റു. കടുവയുടെ കഴുത്തില്‍ പിടിച്ചാണ് തോമസ് പ്രതിരോധിച്ചത്. ഇതിനിടെ ആളുകളുടെ ബഹളം കേട്ടതോടെ കടുവ പിന്തിരിഞ്ഞു.
ആവശ്യത്തിന് സജ്ജീകരണങ്ങളോ ആള്‍ബലമോ ഇല്ലാതെ കടുവയെ തുരത്താന്‍ എത്തിയതിന് എതിരെയാണ് പ്രതിഷേധം. തുടര്‍ന്ന് വനം വകുപ്പ് ആര്‍.ആര്‍.ടി ഉള്‍പ്പെടെ കൂടുതല്‍ സംഘവും തൊണ്ടര്‍നാട് പൊലീസും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. പരിക്കേറ്റ തോമസ് വൈകീട്ടോടെ മരിച്ചെന്നറിഞ്ഞതോടെ നാട്ടുകാര്‍ കൂടുതല്‍ പ്രകോപിതരായി.
വനംവകുപ്പ് നടപടികള്‍ ഇഴയുകയാണെന്നും ഇതുവരെയും ഒരു സംവിധാനവും ഏര്‍പ്പെടുത്തിയില്ലെന്നും ആരോപിച്ചായിരുന്നു വനം വകുപ്പുദ്യോഗസ്ഥരെ തടയുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നാട്ടുകാരെത്തിയത്. തുടര്‍ന്ന്, കടുവ തമ്ബടിച്ച സ്ഥലം കണ്ടെത്തിയതായും രാത്രിയോടെ കൂടുകള്‍ സ്ഥാപിച്ച് പിടികൂടാനാവശ്യമായ നടപടികളെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കുകയായിരുന്നു.
എം.എല്‍.എ ഒ.ആര്‍. കേളു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിന്‍ ബേബി, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അംബിക ഷാജി, വൈസ് പ്രസിഡന്‍റ് ശങ്കരന്‍ മാസ്റ്റര്‍, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍, എ.ഡി.എമ്മിന്‍റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടര്‍ അജേഷ്, മാനന്തവാടി തഹസില്‍ദാര്‍ എന്‍.ജെ. അഗസ്റ്റ്യന്‍ എന്നിവരെയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ചത്.
