നഴ്സുമാരുടെ മിനിമം വേതനം: സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനമടക്കമുള്ള ആനുകൂല്യങ്ങള്‍ നിശ്ചയിച്ച്‌ സര്‍ക്കാര്‍ 2018 ഏപ്രില്‍ 23നു പുറത്തിറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി.

നഴ്സുമാരുടെ സംഘടനകളുടെയും സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളുടെയും വാദങ്ങള്‍ കേട്ടു മൂന്നുമാസത്തിനകം സര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കണമെന്നും കോടതി ഉത്തരവിട്ടു.

മിനിമം വേതനം നിശ്ചയിച്ച്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ചോദ്യംചെയ്ത് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് അഡ്വാന്‍സ്ഡ് സ്‌പെഷാലിറ്റി ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് തുടങ്ങിയ സംഘടനകളും വിവിധ സ്വകാര്യ ആശുപത്രികളും നല്‍കിയ ഒരുകൂട്ടം ഹര്‍ജികളില്‍ ജസ്റ്റീസ് അമിത് റാവലാണ് വിധി പറഞ്ഞത്.

50 കിടക്കകള്‍ വരെയുള്ള സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ മിനിമം വേതനം പ്രതിമാസം 20,000 രൂപയും പരമാവധി വേതനം 30,000 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. ജീവിതച്ചെലവ് ഉയര്‍ന്ന സാഹചര്യത്തില്‍ ഈ തുക പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നഴ്സുമാരുടെ സംഘടന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ സര്‍വീസില്‍ നഴ്സുമാരുടെ അടിസ്ഥാന ശമ്ബളം 39,000 രൂപയാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *