തിരുവനന്തപുരം: തന്നെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ സിപിഎമ്മുകാരുടെ കൂറുമാറ്റത്തില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്. സിപിഐ നേതൃയോഗത്തിലാണ് ചന്ദ്രശേഖരന് അതൃപ്തി അറിയിച്ചത്. പ്രതികളെ വെറുതെ വിട്ട വിധി വന്നിട്ടും സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ ആരും വിളിച്ചില്ല. മുല്ലക്കര രത്നാകരനും കെ.പ്രകാശ് ബാബുവും മാത്രമാണ് വിളിച്ചതെന്നും ചന്ദ്രശേഖരന് പറഞ്ഞു.
സംഭവത്തെ പറ്റി പി.ബാലചന്ദ്രന് എംഎല്‍എ നിയമസഭയില്‍ പറഞ്ഞതിലും ചന്ദ്രശേഖരന് അതൃപ്തി അറിയിച്ചു. സ്വബോധത്തോടെ ആണോ പറഞ്ഞതെന്ന് എനിക്ക് സംശയമുണ്ട്. നിയമസഭയില്‍ വ്യക്തിപരമായ വിശദീകരണം നല്കാന് അനുവദിക്കണമെന്നും ചന്ദ്രശേഖരന് ആവശ്യപ്പെട്ടു. വിശദീകരണം നല്കാന് സംസ്ഥാന എക്സിക്യൂട്ടീവ് അനുമതി നല്കി. സിപിഎം നേതാക്കള്‍ കൂറുമാറിയതില്‍ സിപിഎമ്മിനെ അതൃപ്തി അറിയിക്കാന്‍ സിപിഐ തീരുമാനിച്ചു.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ഇ.ചന്ദ്രശേഖരനു നേരെ 2016 മേയ് 19ന് മാവുങ്കാലിലാണ് ആക്രമണമുണ്ടായത്. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗവും കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.രവി, സിപിഎം മടിക്കൈ സൗത്ത് ലോക്കല്‍ കമ്മിറ്റിയംഗവും സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ എക്സിക്യൂട്ടിവ് അംഗവുമായ അനില്‍ ബങ്കളം എന്നിവര്‍ തുറന്ന ജീപ്പില്‍ സംഭവ സമയത്ത് ചന്ദ്രശേഖരന് ഒപ്പമുണ്ടായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞതായുള്ള മൊഴിയാണ് ഇരുവരും മാറ്റിയത്.
