മുഴുവന്‍ സ്വകാര്യ ദീര്‍ഘദൂര സര്‍വിസുകളും ഈ മാസം കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കും

സ്വകാര്യ ദീര്‍ഘദൂര സൂപ്പര്‍ക്ലാസ് ബസുകള്‍ അതിവേഗത്തില്‍ ഏറ്റെടുത്ത് കെ.എസ്.ആര്‍.ടി.സി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍നിന്ന് കാസര്‍കോട്ടെ മലയോര കുടിയേറ്റ മേഖലകളിലേക്ക് ഉണ്ടായിരുന്ന 14 ദീര്‍ഘദൂര സ്വകാര്യ ബസുകളും കഴിഞ്ഞ ഒരാഴ്ചക്കിടെ ഏറ്റെടുത്തു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2013-14 കാലഘട്ടത്തില്‍ യു.ഡി.എഫ് സര്‍ക്കാറാണ് സ്വകാര്യ സൂപ്പര്‍ക്ലാസ് സര്‍വിസുകള്‍ ഏറ്റെടുത്തത്. എന്നാല്‍, മിക്ക സര്‍വിസുകളും നിലനിര്‍ത്താന്‍ സ്വകാര്യ ബസ് ലോബിക്കു സാധിച്ചിരുന്നു. ഒരു ഘട്ടത്തില്‍ 140 കിലോമീറ്ററിനു മുകളില്‍ റൂട്ട് ദൂരമുണ്ടായിരുന്ന സ്വകാര്യ മലബാര്‍ സര്‍വിസുകള്‍ ലിമിറ്റഡ് ഓര്‍ഡിനറിയായി ഓടിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ നിയമവിരുദ്ധ ഉത്തരവിറക്കിയെങ്കിലും ഹൈകോടതി ദിവസങ്ങള്‍ക്കകം ഉത്തരവ് റദ്ദാക്കി.

എന്നിട്ടും ചില സ്വകാര്യ ബസുകള്‍ പെര്‍മിറ്റില്ലാതെ സര്‍വിസ് തുടര്‍ന്നു. ഇടുക്കിയിലെ യാത്രക്ലേശം ചൂണ്ടിക്കാട്ടി 2022 ഒക്ടോബറില്‍ 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തില്‍ സ്വകാര്യ പെര്‍മിറ്റ് നല്‍കാന്‍ ഗതാഗതമന്ത്രി ഉത്തരവിട്ടിരുന്നു.

ഇത് വിവാദമായതോടെ ശബരിമല സീസണ്‍ കഴിഞ്ഞാല്‍ 140 കിലോമീറ്ററിനു മുകളില്‍ കൊടുത്ത താല്‍ക്കാലിക പെര്‍മിറ്റുകള്‍ റദ്ദാക്കുമെന്നും 2023 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇവ മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കുമെന്നും ഗതാഗത മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.

എരുമേലി-ചന്ദനക്കാംപാറ, പുനലൂര്‍- ചിറ്റാരിക്കല്‍, പത്തനാപുരം-ചന്ദനക്കാംപാറ, പത്തനംതിട്ട-മാനന്തവാടി, കോട്ടയം-ബന്ദടുക്ക, കോട്ടയം-പഞ്ചിക്കല്‍, കോട്ടയം-പാണത്തൂര്‍, കോട്ടയം-പെരിക്കല്ലൂര്‍, കോട്ടയം-മാനന്തവാടി, മുണ്ടക്കയം-കൊന്നക്കാട്, കോട്ടയം-അമ്ബായത്തോട്, കുമളി-കൊന്നക്കാട്ട്, പൊന്‍കുന്നം-പാണത്തൂര്‍, ഇളംകാട്-പാണത്തൂര്‍, റാന്നി-കൂടിയാന്‍മല, കോരുത്തോട്-പാണത്തര്‍ എന്നീ സ്വകാര്യ സര്‍വിസുകളാണ് കെ.എസ്.ആര്‍.ടി.സി കഴിഞ്ഞയാഴ്ച ഏറ്റെടുത്ത് ഓടിച്ചു തുടങ്ങിയത്.

തൃശൂര്‍-കുറ്റിപ്പുറം-കോഴിക്കോട് റൂട്ടില്‍ തന്നെ 23 സര്‍വിസാണ് എത്തുന്നത്. ഇതിന്‍റെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയുടെ കുറ്റിപ്പുറം വഴിയുള്ള പല പരമ്ബരാഗത ദീര്‍ഘദൂര സര്‍വിസുകളും നേരത്തേ തന്നെ വാടാനപ്പള്ളി, പൊന്നാനി, ചമ്രവട്ടം, തിരൂര്‍, താനൂര്‍വഴി മാറ്റിവിട്ടിരുന്നു. 2013ല്‍ പൂര്‍ണമായി ദേശസാത്കരിച്ച ചമ്രവട്ടം പാലത്തിലൂടെ 10 വര്‍ഷം കഴിഞ്ഞാണ് കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വിസുകള്‍ ആരംഭിച്ചത്.

സ്വകാര്യ ബസുകളുടെ കുത്തകയായിരുന്നു തൃശൂര്‍-വാടാനപ്പള്ളി- പൊന്നാനി-ചമ്രവട്ടം-കോഴിക്കോട് റൂട്ട്. അവിടെ ഓടി തുടങ്ങിയ ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് മികച്ച വരുമാനമാണ് ലഭിക്കുന്നത്. പാലക്കാട്-കോഴിക്കോട് റൂട്ടില്‍ പുതുതായി 17 ടേക്‌ഓവര്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ എത്തി. പുനലൂര്‍, പത്തനംതിട്ട, എരുമേലി, പാലാ, തൊടുപുഴ നഗരങ്ങള്‍ ബന്ധിപ്പിച്ച്‌ തിരുവനന്തപുരം-തൃശൂര്‍ ഗ്രീന്‍റൂട്ടും കെ.എസ്.ആര്‍.ടി.സി ആരംഭിച്ചു.

തിരക്കേറിയ ആലപ്പുഴ വഴിയുള്ള ദേശീയ പാതക്കും കോട്ടയം വഴിയുള്ള എം.സി റോഡിനും ബദലായി ഗതാഗതത്തിരക്ക് ഒട്ടുമില്ലാത്ത കിളിമാനൂര്‍, ആയൂര്‍, പുനലൂര്‍, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂര്‍ റൂട്ടിലൂടെ കൂടുതല്‍ ദീര്‍ഘദൂര ബസുകള്‍ ഓടിക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.

അരമണിക്കൂറില്‍ തിരുവനന്തപുരം, പത്തനംതിട്ട, പാലാ, തൊടുപുഴ, തൃശൂര്‍ റൂട്ടില്‍ ഒരു ബസ് എന്നതാണ് തീരുമാനം. നിലവില്‍ നാലെണ്ണം ഓടി തുടങ്ങി. ബസുകള്‍ പുനര്‍ക്രമീകരിച്ച്‌ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ റൂട്ടില്‍ സൂപ്പര്‍ ക്ലാസ് ചെയിന്‍ ഓടിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുകയാണ്. ടേക്‌ഓവര്‍ പൂര്‍ണമായി നടപ്പാക്കി കഴിയുമ്ബോള്‍ അരമണിക്കൂര്‍ ഇടവേളയില്‍ തിരുവനന്തപുരം, പത്തനംതിട്ട, പാലാ, തൃശൂര്‍ സൂപ്പര്‍ക്ലാസ് ചെയിന്‍ സര്‍വിസ് യാഥാര്‍ഥ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *