ആധിപത്യം നിലനിറുത്താന്‍ ബി.ജെ.പി, തിരിച്ചു പിടിക്കാന്‍ സി.പി.എം : ത്രിപുരയില്‍ പോര് മുറുകി

ന്യൂഡല്‍ഹി: ത്രിപുരയില്‍ ആധിപത്യം നിലനിറുത്താന്‍ ബി.ജെ.പിയും നഷ്ടമായ ഭരണം തിരിച്ചു പിടിക്കാന്‍ സി.പി.എമ്മും എല്ലാ തന്ത്രങ്ങളുമായി പ്രചാരണം ശക്തമാക്കി.

മുന്‍ മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്ത് പ്രചാരണം നടത്തുമ്ബോള്‍ ബി.ജെ.പി അമിത് ഷാ, നരേന്ദ്ര മോദി തുടങ്ങി വലിയൊരു താരപ്രചാരകരുടെ സംഘമാണ് ബി.ജെ.പിക്ക് വേണ്ടി രംഗത്തെത്തുന്നത്. രാഹുല്‍ ഗാന്ധി മുതലുള്ള നേതാക്കള്‍ കോണ്‍ഗ്രസിനായും മമതാ ബാനര്‍ജിയടക്കമുള്ളവര്‍ തൃണമൂല്‍ കോണ്‍ഗ്രസിനായും രംഗത്തുണ്ട്.

കമ്മ്യൂണിസ്റ്റുകള്‍ നല്‍കിയത്

അന്ധകാരം: അമിത് ഷാ

കമ്യൂണിസ്റ്റുകള്‍ ത്രിപുരയ്ക്ക് നല്‍കിയത് അന്ധകാരമാണെങ്കില്‍ ബി.ജെ.പി നല്‍കിയത് അധികാരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അഗര്‍ത്തലയിലെ ശാന്തിര്‍ബസാറില്‍ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം ഭരിക്കുമ്ബോള്‍ ത്രിപുരയിലാകെ അക്രമങ്ങളാണ് അരങ്ങേറിയത്. 400ലേറെ പേര്‍ അന്ന് ത്രിപുരയില്‍ കൊല്ലപ്പെട്ടു. ബി.ജെ.പി ഭരണമാണ് ത്രിപുരയില്‍ വികസനം എത്തിച്ചത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ വികസിത സംസ്ഥാനമായി ത്രിപുരയെ ബി.ജെ.പി മാറ്റിയെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ തയ്യാറാകണമെന്ന് അമിത് ഷാ പറഞ്ഞു. ബി.ജെ.പിക്ക് അല്ലാതെ ആര്‍ക്ക് വോട്ട് നല്‍കിയാലും ഫലത്തില്‍ കമ്യൂണിസ്റ്റ്‌ ഭരണം തന്നെയായിരിക്കും തിരിച്ചു വരികയെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ത്രിപുര കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ പ്രദ്യോത് മാണിക്യയുടെ തിപ്രമോത പാര്‍ട്ടിക്ക് കോണ്‍ഗ്രസ്, സി.പി.എം പാര്‍ട്ടികളുമായി രഹസ്യധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മാറിനിന്നത് പുതുരക്തത്തിന്

അവസരം നല്‍കാന്‍: മണിക് സര്‍ക്കാര്‍

ഭാവി നേതൃത്വം കെട്ടിപ്പടുക്കാന്‍ പുതിയ തലമുറയ്ക്ക് അവസരം നല്‍കാനാണ് തിരഞ്ഞെടുപ്പ് മത്സരരംഗത്ത് നിന്ന് മാറിനിന്നതെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗവും മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ പറഞ്ഞു. നിരവധി പുതുമുഖങ്ങള്‍ പാര്‍ട്ടിയില്‍ വരുന്നു. അവര്‍ക്ക് അവസരം നല്‍കണം. മുന്നണിക്ക് വേണ്ടി സംസ്ഥാനത്ത് മുഴുവന്‍ പ്രചാരണം നടത്തണെമന്ന് ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മണിക് സര്‍ക്കാര്‍ പറഞ്ഞു. അമ്ബത് ശതമാനത്തോളം പുതുരക്തങ്ങളെയാണ് അവതരിപ്പിച്ചത്. അവരെ സമൂഹത്തിന് പരിചയപ്പെടുത്തിക്കൊണ്ട് തങ്ങള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്തുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ജനാധിപത്യം നശിപ്പിക്കപ്പെട്ടു. വോട്ട് ചെയ്യാന്‍ പോലും അനുവദിക്കുന്നില്ല. ജോലിയില്ല, ഭക്ഷണമില്ല. എവിടെയും പട്ടിണി മാത്രം. ഈ സാഹചര്യം ഒഴിവാക്കാനാണ് സി.പി.എമ്മും കോണ്‍ഗ്രസും കൈകോര്‍ത്തത്. തങ്ങള്‍ സംയുക്തമായി പ്രചാരണം ആരംഭിച്ചു. ഒരുമിച്ച്‌ പോരാടാമോയെന്ന് കോണ്‍ഗ്രസ് ചോദിച്ചു. തങ്ങള്‍ സമ്മതിച്ചു. തങ്ങളുടെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന് വേണ്ടിയും പ്രചാരണം നടത്തും. വികസന പ്രവര്‍ത്തനങ്ങളൊന്നും

അവര്‍ നടത്തിയില്ല. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ പദ്ധതികളുടെ റിബണ്‍ മുറിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ത്രിപുരയില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് പ്രധാനമാണെന്നും മണിക് സര്‍ക്കാര്‍ വ്യക്തമാക്കി.

സൗജന്യ വാഗ്ദാനങ്ങളുമായി

കോണ്‍ഗ്രസ് പ്രകടനപത്രിക

ഒട്ടേറെ സൗജന്യ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപ‌ത്രിക പുറത്തിറക്കി. ആം ആദ്മി പാര്‍ട്ടിയെ അനുകരിച്ച്‌ 150 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, പഴയ പെന്‍ഷന്‍ തിരിച്ചു കൊണ്ടുവരല്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അമ്ബതിനായിരം തൊഴിലവസരങ്ങള്‍ തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് കോണ്‍ഗ്രസ് പ്രകടനപത്രിക. കര്‍ഷക തൊഴിലാളികളുടെ കൂലി വര്‍ദ്ധനയുള്‍പ്പെടെയുള്ള 20ഇന പരിപാടിയും പ്രകടനപത്രികയില്‍ ഇടം പിടിച്ചു. പിരിച്ചുവിടപ്പെട്ട 10,323 അദ്ധ്യാപകരുടെ പ്രശ്നം പരിഹരിക്കാന്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള സമീപനം സ്വീകരിക്കുമെന്നും പ്രകടനപത്രിക വ്യക്തമാക്കുന്നു. ത്രിപുര ഗോത്രവര്‍ഗ്ഗ മേഖലയുടെ ഓട്ടോണമസ് കൗണ്‍സിലിനെ ശക്തിപ്പെടുത്താന്‍ 125-ാം വകുപ്പില്‍ ഭരണഘടന ഭേദഗതി കൊണ്ടു വരുമെന്നും വ്യക്തമാക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയുടെ ഏക എം.എല്‍.എയുമായ സുദീപ് റോയ് ബര്‍മ്മനാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ സി.പി.എം പരാതി നല്‍കി

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി ടിങ്കു റോയിക്കെതിരെ സി.പി.എം. മുഖ്യതിരഞ്ഞെട്ടപ്പ് കമീഷന് പരാതി നല്‍കി. 52 ചന്ദിപൂര്‍ നിയമസഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് ടിങ്കു റായ്. ശ്രീരാംപൂര്‍ സംരൂര്‍പാര്‍ പ്രൈമറി അഗ്രികള്‍ച്ചറല്‍ കോ – ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡിന്റെ കെട്ടിടം കഴിഞ്ഞ ജനുവരി 30 മുതല്‍ റിങ്കു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുയാണ്. സൊസൈറ്റിയുടെത് പൊതുസ്വത്താണെന്നും ഈ കെട്ടിടം തിരഞ്ഞെടുപ്പ് ഓഫീസായി ഉപയോഗിക്കുക വഴി ബി.ജെ.പി സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിക്കുകയാണെന്നും ഉനകോട്ടി ജില്ലയിലെ ചന്ദിപൂര്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *