ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെളിവുകളില്ലാതെ ആരോപണം നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന് പ്രിവിലേജ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായ ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു.
സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്‌ത ആരോപണത്തില്‍ കഴമ്ബില്ലെന്ന് കമ്മിറ്റിയിലെ കോണ്‍ഗ്രസ് അംഗം കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. രാഹുല്‍ ഗാന്ധിയോട് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടേക്കും.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ പ്രധാനമായും ഗൗതം അദാനിയെക്കുറിച്ചാണ് സംസാരിച്ചതെന്ന് ദുബെ ചൂണ്ടിക്കാട്ടി. പ്രസംഗത്തില്‍ അദാനിയുടെ പേര് 75 തവണയെങ്കിലും ആവര്‍ത്തിച്ചു.
പാര്‍ലമെന്റിലെ ഒരംഗത്തെക്കുറിച്ചുള്ള ആരോപണത്തിന് മുന്‍പ് സ്പീക്കറില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന ചട്ടം ലംഘിച്ചു. 1976ല്‍ അന്നത്തെ പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിന് സുബ്രഹ്മണ്യന്‍ സ്വാമിയെ രാജ്യസഭയില്‍ നിന്ന് പുറത്താക്കി. പ്രധാനമന്ത്രിക്കെതിരെയുള്ള അപവാദം ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും ട്വിറ്റര്‍, യൂട്യൂബ് അക്കൗണ്ടുകളില്‍ പ്രസംഗം ലഭിക്കും. ഇത് സ്പീക്കറുടെ അധികാരത്തെയും വിവേചനാധികാരത്തെയും ഹനിക്കുന്നതാണ്. ഇസ്രയേലിലും ബംഗ്ലാദേശിലും അദാനി ഗ്രൂപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ ഇന്ത്യയുടെ താത്‌പര്യത്തിന് എതിരല്ലെന്നും ദുബെ വാദിച്ചു. 2011ല്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മില്‍ വൈദ്യുതി നിലയ കരാറുണ്ടാക്കിയത് ചൂണ്ടിക്കാട്ടിയ ദുബെ അദാനി ഗ്രൂപ്പിന് വൈദ്യുതി നിലയം സ്ഥാപിക്കാന്‍ മോദി സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ തെറ്റില്ലെന്നും വിശദീകരിച്ചു.
ബി.ജെ.പിയുടെ സുനില്‍ സിംഗ് എം.പി അദ്ധ്യക്ഷനായ കമ്മിറ്റിയില്‍ തൃണമൂല്‍ നേതാവ് കല്യാണ്‍ ബാനര്‍ജി, ബി.ജെ.പി അംഗങ്ങളായ സി.പി. ജോഷി, ദിലീപ് ഘോഷ്, രാജു ബിസ്ത,ഗണേഷ് സിംഗ് തുടങ്ങിയവരും അംഗങ്ങളാണ്. കമ്മിറ്റിയിലെ ഡി.എം.കെ അംഗം ടി.ആര്‍ ബാലു ഹാജരായില്ലെങ്കിലും രാഹുലിനെതിരായ ഒരു വാദവും നിലനില്‍ക്കില്ലെന്ന് കത്തെഴുതി. അദാനിയുമായുള്ള ബന്ധമാരോപിച്ച പ്രസംഗവുമായി ബന്ധപ്പെട്ട് ഫെബ്രുവരി എട്ടിന് ദുബെ ലോക്‌സഭാ സ്പീക്കര്‍ക്ക് നല്‍കിയ കത്തിന്‍ മേലാണ് കമ്മിറ്റിയുടെ നടപടി.
