തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. സുതാര്യവും സുരക്ഷിതവുമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്.മാര്‍ച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,31,84,573 പുരുഷ വോട്ടര്‍മാരും 1,40,95,250 സ്ത്രീ വോട്ടര്‍മാരും ആണ്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടര്‍മാരും 100 വയസ്സ് പിന്നിട്ട 2,999 പേരുമുണ്ട്. 3,70,933 യുവ വോട്ടര്‍മാരും 88,384 പ്രവാസി വോട്ടര്‍മാരും ഉണ്ട്. പുതുതായി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിനും പട്ടിക ശുദ്ധീകരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.മാര്‍ച്ച് 25 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക് ലോക്‌സഭാതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരം ഉണ്ടാകും.വോട്ടെടുപ്പിനായി 25,177 തിരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളും അടക്കം ആകെ 25,358 ബൂത്തുകള്‍ ഉണ്ടാകും. എല്ലാ ബൂത്തുകളിലും കുടിവെള്ളം, ശൗചാലയം, റാമ്പ്, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഉണ്ടാകും.
സ്ത്രീ, ഭിന്നശേഷി, യുവ,സൗഹൃദ ബൂത്തുകളും മാതൃക, ഹരിത ബൂത്തുകളും ഉണ്ടാകും. സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 555 ബൂത്തുകള്‍, യുവാക്കള്‍ മാത്രം നിയന്ത്രിക്കുന്ന നൂറു ബൂത്തുകള്‍, ഭിന്നശേഷിക്കാര്‍ മാത്രം നിയന്ത്രിക്കുന്ന 10 ബൂത്തുകള്‍, 2,776 മാതൃക ബൂത്തുകള്‍ എന്നിവയും ഉണ്ടാകും. 85 വയസ്സിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്കും 40% വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കും വീടുകളില്‍ വോട്ട് ചെയ്യാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *