ജെ ജോര്‍ജ്
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ വന്ന നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് എല്‍ ഡി എഫിനും യു ഡി എഫിനും അത്രമേല്‍ പ്രധാനപ്പെട്ടതാണ്. പതിറ്റാണ്ടുകളായി ആര്യാടന് മുഹമ്മദിലൂടെ യു ഡി എഫ് കോട്ടയായ നിലമ്പൂര്‍ 2016ല്‍ അദ്ദേഹത്തിന്റെ മകന് ഷൗക്കത്തിനെ പരാജയപ്പെടുത്തി ഇടതു സ്വതന്ത്രനായി മത്സരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിലൂടെ പിടിച്ചെടുക്കുകയും 2021ല്‍ നിലനിര്‍ത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി തെറ്റിയ അന്‍വര്‍ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യു ഡി എഫിന് നിരുപാധിക പിന്തുണ നല്‍കിയാണ് അന്‍വര്‍ പ്രചരണത്തിലേക്ക് കടക്കുന്നത്.
മൂന്നാം തുടര്‍ഭരണം ആഗ്രഹിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാറിന് മണ്ഡലം നിലനിര്‍ത്തുക ഭരണ വിലയിരുത്തലിന്റെ കൂടി ഭാഗമായാണ്. പിണറായിയെ വെല്ലുവിളിച്ച അന്‍വറിന് മറുപടി കൊടുക്കുകയെന്നതും സി പി എമ്മിനെ സംബന്ധിച്ചുണ്ട്. പരമ്പരാഗത മണ്ഡലം തിരിച്ചുപിടിക്കുക എന്നത് യു ഡി എഫിനെ സംബന്ധിച്ച് ജീവന് മരണ പോരാട്ടത്തിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. കാര്യമായ വോട്ടുവിഹിതമില്ലാത്തതിനാല് ബി ജെ പി യെ സംബന്ധിച്ച് തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമില്ല.
പി വി അന്‍വര്‍ ഇഫക്ട്
ഉപതെരഞ്ഞെടുപ്പ് പി വി അന്‍വറിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നതാണ്. അത് നന്നായി മനസിലാക്കി തെരഞ്ഞെടുപ്പ് പ്രചരണം കാലേക്കൂട്ടി അന്‍വര്‍ തുടങ്ങിക്കഴിഞ്ഞു. 2016ല്‍ പതിനയ്യായിരത്തിന് മുകളിലുണ്ടായിരുന്ന ഭൂരിപക്ഷം 21ല്‍ 2000ലേക്ക് താണത് അന്‍വറിനെയും ആശങ്കയിലാക്കുന്നുണ്ട്. യു ഡി എഫ് പ്രവേശനമെന്നതിനും ഈ തെരഞ്ഞെടുപ്പ് അന്‍വറിന് നിര്‍ണായകമാണ്. യു ഡി എഫ് സ്ഥാനാര്‍ഥി 27000 വോട്ടുകള്‍ക്ക് ജയിക്കുമെന്ന് പ്രഖ്യാപിച്ചാണ് അന്‍വര്‍ കളത്തിലിറങ്ങുന്നത്. പിണറായി വിജയനെ വെല്ലുവിളിച്ച അന്‍വറിന് തിരിച്ചടി നല്കാന് സി പി എമ്മിന് ജയിച്ചേ മതിയാകൂ. പി വി അന്‍വറിന്റെ കൈപിടിച്ച് മണ്ഡലം തിരിച്ചുപിടിക്കാനാണ് യു ഡി എഫ് ആഗ്രഹിക്കുന്നത്.
പ്രചരണ വിഷയങ്ങള്‍
സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തി വോട്ടു തേടാനാണ് എല്‍ ഡി എഫ് നീക്കം. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളും യാഥാര്‍ഥ്യമായവ നിരത്തിയുള്ള പ്രോഗ്രസ് റിപ്പോര്‍ട്ടും സര്‍ക്കാര്‍ പുറത്തിറക്കി കഴിഞ്ഞു. നിലമ്പൂര്‍ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി കോടികള്‍ മുടക്കി നിര്‍മിച്ച ബൈപ്പാസ് റോഡും പ്രചരണത്തിന് ഉപയോഗിക്കുന്നു. വിഴിഞ്ഞം, ദേശീയപാതാ വികസനം തുടങ്ങിയവയും എല്‍ ഡി എഫ് പ്രചരണത്തിലുണ്ട്. എന്നാല്‍ റോഡുകളുടെ തകര്‍ച്ചയും യു ഡി എഫ് പദ്ധതികളുടെ പിതൃത്വമേറ്റെടുക്കലുമാണ് ഈ സര്‍ക്കാര്‍ ചെയ്തതെന്നാണ് യു ഡി എഫ് മറുപ്രചരണം നടത്തുന്നത്.
വന്യമൃഗശല്യം
വനാതിര്‍ത്തി പങ്കിടുന്ന മണ്ഡലമായ നിലമ്പൂരില്‍ വന്യമൃഗശല്യം വൈകാരിക പ്രശ്നമായി വളര്‍ന്നിരിക്കുകയാണ്. ഈ ഉപതെരഞ്ഞെടുപ്പില്‍ ഇത് നിര്‍ണായകമാവുകയും ചെയ്യും. നിരവധി ജീവനുകളാണ് മണ്ഡലത്തില്‍ വന്യമൃഗാക്രമണത്തെ തുടര്‍ന്ന് പൊലിഞ്ഞത്. കൃഷിനാശം വ്യാപകവുമാണ്. കുടിയേറ്റ കര്‍ഷകര്‍ നിവൃത്തിയില്ലാതെ കുടിയിറങ്ങുകയാണ്. 22 ശതമാനം വോട്ടുകളുള്ള ക്രൈസ്തവ വിഭാഗം അതിശക്തമായ പ്രക്ഷോഭത്തിലാണ്. ഈ സാഹചര്യത്തില്‍ ഇരു മുന്നണികളും കര്‍ഷകരക്ഷക്ക് തങ്ങളൊപ്പമാണെന്ന് വരുത്താന്‍ ശ്രമിക്കുകയാണ്. വനംവകുപ്പിനെതിരെ കടുത്ത ആക്ഷേപമാണ് ഇക്കാര്യത്തില്‍ ഉയരുന്നത്. എന്നാല്‍ കേന്ദ്രനിയമമാണ് വന്യമൃഗശല്യം തടയുന്നതിന് തടസമാവുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇ പി ജയരാജന്റെ നേതൃത്വത്തില്‍ കേന്ദ്രനിയമത്തിനെതിരെ ജാഥയും നടത്തുന്നുണ്ട്. എന്നാല്‍ വൈദ്യുത വേലികളും കിടങ്ങുകളും നിര്‍മിക്കാനും തെരുവു വിളക്കുകള്‍ സ്ഥാപിക്കാനും ആക്രമണം തടയാന്‍ വനം വകുപ്പ് ജീവനക്കാരെ വേണ്ടത്ര നിയോഗിക്കാനും സര്‍ക്കാറിനു കഴിയുമെന്നും അത് ചെയ്യുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
