തെളിവുകള്‍ വിടും: ഇരു മുന്നണികള്‍ക്കുമെതിരെ അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞതോടെ പി വി അന്‍വര്‍ ശക്തമായി രംഗത്ത്. ജനകീയ പ്രതിപക്ഷ പ്രതിരോധമുന്നണിയായാണ് താന്‍ മത്സരിക്കുക എന്നതാണ് അന്‍വര്‍ പറയുന്നത്. യു ഡി എഫിന്റെ പിന്തുണ പ്രതീക്ഷിച്ച് അവസാനം വരെ നടത്തിയ നീക്കങ്ങള്‍ പാളിയതോടെ ഗതിയില്ലാത്ത അവസ്ഥയിലായിരിക്കുകയാണ് അന്‍വര്‍. തൃണമൂല്‍ പിന്തുണയോടെ മത്സരിക്കാനുള്ള നീക്കം മുന്നോട്ടു കൊണ്ടുപോവുമ്പോള്‍ യു ഡി എഫില്‍ വി ഡി സതീശനും എല്‍ ഡി എഫില്‍ മുഖ്യമന്ത്രി പിണറായി വിജയനും മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസിനും യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനുമെതിരെ തുറന്ന യുദ്ധത്തിനാണ് അന്‍വറിന്റെ ഒരുക്കം. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന ആക്ഷേപത്തില്‍ അത്യന്തം അമര്‍ഷത്തിലാണ് അന്‍വര്‍. ഇരുമുന്നണികളിലെയും ശത്രുക്കളുടെ കാര്യങ്ങള്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ടി വി വെച്ച് കാണിക്കുമെന്ന ഭീഷണി വരെ മുഴക്കിക്കഴിഞ്ഞു അന്‍വര്‍.
നവ കേരള സദസിന്റെ പേരില്‍ മുഹമ്മദ് റിയാസ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് പിരിച്ച കോടികള്‍ പിരിച്ചെന്നും അതിന് ഭീഷണിസ്വരം ഉപയോഗിച്ചെന്നും അന്‍വര്‍ ആരോപിക്കുന്നു. തന്നെ വഞ്ചകനെന്നു വിളിച്ച മുഖ്യമന്ത്രിക്കുള്ള മറുപടി ചൊവ്വാഴ്ച തെളിവു സഹിതം പുറത്തു വിടുമെന്ന ഭീഷണിയും മുഴക്കി. യു ഡി എഫ് പ്രവേശനം മുടക്കിയതിലുള്ള അതൃപ്തി വി ഡി സതീശനെതിരെയും അന്‍വര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *