ചിട്ടയോടെ തുടങ്ങാം; വിജയിക്കാം

ജെ ജോര്‍ജ്

നാടെങ്ങും പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വര്‍ഷം തുടങ്ങിക്കഴിഞ്ഞു. കനത്തമഴയൊഴിഞ്ഞ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ അധ്യയന വര്‍ഷം തുടങ്ങിയത്. ചിട്ടയോടെ പഠിച്ച് ഉന്നത വിജയം നേടാന്‍ തുടക്കം മുതല്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഇതിന് വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊക്കെ പ്രധാന പങ്കാണ് വഹിക്കാനുള്ളത്. രാജ്യ പുരോഗതിയെ നിര്‍ണയിക്കുന്നവരെന്ന നിലയില്‍ വിദ്യാര്‍ഥി സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ടെന്നത് തന്നെയാണ്.

പഠന സമയം ക്രമീകരിക്കാം
ഒരു വീടു പണിയുമ്പോള്‍ അതിന്റെ പ്ലാന്‍ മുതല്‍ എല്ലാം പ്രാധാന്യമെന്ന പോലാണ് പുതിയ അധ്യയന വര്‍ഷാരംഭവും. ചിട്ടയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ഥികളെ മുന്നോട്ട് നയിക്കാനാവും. ഓരോ ദിവസവും ചെയ്തു തീര്‍ക്കേണ്ട പഠനകാര്യങ്ങള്‍ ക്രമപ്പെടുത്താന്‍ ടൈംടേബിള്‍ പ്രധാനമാണ്. അന്നന്നത്തെ പാഠഭാഗങ്ങള്‍ പഠിച്ചു തീര്‍ക്കാനും അടുത്ത ദിവസത്തേക്ക് മാറ്റിവെക്കാതിരിക്കാനുമുള്ള ശ്രദ്ധയാണ് പ്രധാനം. പ്രയാസമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം ക്രമീകരിച്ചാവണം ടൈംടേബിള്‍ തയ്യാറാക്കേണ്ടത്. വേണ്ടത്ര വിശ്രമം പ്രധാനമാണ്. കുട്ടികള്‍ക്ക് സൗകര്യപ്രദമായ സമയം ക്രമീകരിച്ച് പഠന സമയം തയ്യാറാക്കാം.

പഠനാന്തരീക്ഷം പ്രധാനം
വിദ്യാര്‍ഥികള്‍ക്ക് ഏകാഗ്രതയോടെ പഠിക്കാന്‍ കഴിയുന്ന അന്തരീക്ഷം വീടുകളിലുണ്ടാവണം. ടി വിയുടെയും മറ്റും ശല്യമില്ലാത്ത സ്ഥലം ഇതിനായി ഒരുക്കാം. പാഠ്യോപകരണങ്ങളും പുസ്തകങ്ങളും കൈയ്യെത്തും ദൂരത്തുണ്ടാവുന്നതും നല്ലതാണ്. പഠിപ്പിച്ചു പഠിക്കുക എന്നതുണ്ട്. പാഠഭാഗങ്ങള്‍ സഹപാഠികളുമായി ചര്‍ച്ച ചെയ്യാനും സംശയങ്ങള്‍ കൃത്യമായി അധ്യാപകരുമായി ബന്ധപ്പെട്ട് ദുരീകരിക്കാനും പ്രത്യേക ശ്രദ്ധ വേണം.

പരീക്ഷാഭീതി വേണ്ടേ വേണ്ട
പരീക്ഷാ ഭീതിയാണ് വിദ്യാര്‍ഥികള്‍ക്ക് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം. തുടക്കത്തിലേയുള്ള ചിട്ടയായ പഠനം ഇതൊഴിവാക്കാന്‍ സഹായകമാണ്. സമയം കിട്ടുമ്പോള്‍ മാതൃകാ ചോദ്യപേപ്പറുകളും മുന്‍ കാല ചോദ്യപേപ്പറുകളും പാഠ്യഭാഗമാക്കും വഴി ഇതിന് പരിഹാരമുണ്ടാവും.

വിശ്രമവും വിനോദവും
കൃത്യമായ വിശ്രമവും പഠനത്തില്‍ പ്രധാനമാണ്. വേണ്ടത്ര ഉറക്കത്തിലൂടെ മനസിന് ശാന്തത കൈവരിക്കാനും അടുത്ത പ്രഭാതത്തില്‍ കൂടുതല്‍ ഉണര്‍വ്വോടെ മുന്നോട്ടു പോവാനും കുട്ടികള്‍ക്കാവും. ഓര്‍മ ശക്തി വര്‍ധിപ്പിക്കാനും ആവശ്യത്തിന് ഉറക്കം പ്രധാനമാണെന്ന് കാലങ്ങള്‍ക്ക് മുന്നേ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

ആത്മവിശ്വാസം അത് പ്രധാനം
വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകരാന്‍ ഏറെ കഴിയുക രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാണ്. ചെറിയ പരാജയങ്ങളുണ്ടാവുമ്പോള്‍ ഒന്നു ആശ്വസിപ്പിച്ച് ഉയര്‍ത്തി വിട്ടാല്‍ നമ്മുടെ കുട്ടികള്‍ ആത്മവിശ്വാസത്തോടെ മുന്നേറുക തന്നെ ചെയ്യും. കുറ്റപ്പെടുത്തലുകളും മറ്റു കുട്ടികളെ വെച്ചുള്ള താരതമ്യങ്ങളും പൂര്‍ണമായും ഒഴിവാക്കണം. അത് ഗുണം ചെയ്യുകയില്ല.
കുടുംബത്തിനും നാടിനും രാഷ്ട്രത്തിനുമെല്ലാം മുതല്‍ക്കൂട്ടാവേണ്ട കുട്ടികളാണിവര്‍. അവരെ രൂപപ്പെടുത്താന്‍ അധ്യാപകരും രക്ഷിതാക്കളുമെല്ലാം ഒന്നിക്കുമ്പോള്‍ നാടിന് വേണ്ടപ്പെട്ടവരായി മാറും നമ്മുടെ പുതിയ തലമുറ. അതു വഴി രാഷ്ട്രത്തിന് മുതല്‍ക്കൂട്ടാവുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *