കോഴിക്കോട് : പുറമേരിയിൽ വീട്ടിൽനിന്ന് 18 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. പുറമേരി ടൗൺ പരിസരത്തെ കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടമ്മയുടെ കാലിൽ ധരിച്ചിരുന്ന സ്വർണാഭരണം ഉൾപ്പെടെ കവർന്നതായാണ് പരാതി.
മുൻവശത്തെ ജനവാതിൽ കുത്തിത്തുറന്ന് താക്കോൽ കൈവശപ്പെടുത്തിയാണ് കള്ളൻ വീടിനകത്ത് കടന്നത്. വീട്ടിലെ സിസിടിവി ക്യാമറ തുണികൊണ്ട് മറച്ചിരുന്നു. ക്യാമറ മറയ്ക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
പുറത്തുപോയിരുന്ന അബ്ദുള്ളയുടെ മകൻ പുലർച്ചെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുന്നതാണ് കണ്ടത്. ഇതോടെയാണ് മോഷണം നടന്നത് തിരിച്ചറിഞ്ഞത്. നാദാപുരം ഇൻസ്പെക്ടർ ശ്യാംരാജ് നായരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
