മലപ്പുറം: മലപ്പുറം മുനിസിപ്പാലിറ്റിയില്‍ കള്ളവോട്ട് ചേര്‍ക്കലിന് നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പ് ചുമതലക്കാരനായ എഞ്ചിനീയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെതിരെ നടപടി. കൃത്യമം പ്രാഥമികമായി കണ്ടത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. മലപ്പുറം നഗരസഭയില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ വ്യാജരേഖ ചമച്ച് വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ ജില്ല കലക്ടറും, ജില്ലാ പൊലീസ് മേധാവിയും റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടൊപ്പം തുടര്‍ അന്വേഷണം ആവശ്യപ്പെട്ട മുനസിപ്പാലിറ്റിയുടെ സെക്രട്ടറി ചുമതല വഹിക്കുന്ന മുനിസിപ്പല്‍ എഞ്ചിനീയര്‍ പി.ടി ബാബു മലപ്പുറം സ്റ്റേഷനില്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടിയെക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി തിരുവനന്തപുരത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ എ. ഷാജഹാന്‍ ഐ.എ.സിനെ നേരില്‍ കണ്ടു പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം കാര്യക്ഷമമാക്കുമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഇതേ സമയം വിഷയത്തില്‍ തുടര്‍ നടപടി ആവശ്യപ്പെട്ട മുനിസിപ്പല്‍ യു.ഡി.എഫ് ഹൈക്കോടതിയില്‍ ഇന്നലെ റിട്ട് ഫയല്‍ ചെയ്തു. അതേസമയം വ്യാജമായി പട്ടികയില്‍ ഉള്‍പ്പെട്ട ഒരാളുടെ വിവരങ്ങള്‍ കൂടി കണ്ടെത്തിയെന്നും ഇതോടെ ആകെ 9 പേരെ വ്യാജരേഖ ചമച്ച് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും യുഡിഎഫ് പറഞ്ഞു. അതിനിടെ പുതുതായി വോട്ട് ചേര്‍ക്കപ്പെട്ടവരോട് രേഖകള്‍ സഹിതം നഗരസഭയില്‍ തെളിവെടുപ്പിനു എത്തണമെന്ന് ഇന്നലെ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും ഹാജരായില്ല. ഹിയറിങ് ഉദ്യോഗസ്ഥനു മുന്നില്‍ 7 പേരോടാണ് ഹാജരാകാന്‍ നിര്‍ദേശിച്ചത്. എസ്.എസ്.എല്‍.സി ബുക്ക് തിരുത്തിയാണു സി.പി.എം ജയിച്ച 3 വാര്‍ഡുകളില്‍ വ്യാജ വോട്ട് ചേര്‍ത്തതെന്നും 18 തികയാത്തവരെ അടക്കം പട്ടികയില്‍ ഉള്‍പ്പെടുത്തിയതടക്കമുള്ള രേഖകള്‍ യു.ഡി.എഫ് പുറത്തുവിട്ടിരുന്നു.
