പാലക്കാട്- ചെര്‍പ്ലശേരിക്കടുത്ത് കുലുക്കല്ലൂരില്‍ ട്രെയിന്‍ തട്ടി മാതാവ് മരിച്ചു. മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുലുക്കല്ലൂര്‍ നെല്ലായ സ്വദേശിനി പുത്തന്‍ വീട്ടില്‍ ഉഷ (54)ആണ് മരിച്ചത്. മകള്‍ പ്രാര്‍ത്ഥന(29) പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഞായറാഴ്ച രാവിലെ 1030 നാണ് കുലുക്കല്ലൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്ത് വെച്ച് അപകടമുണ്ടായത്. സമീപത്തെ ബസ് സ്റ്റേപ്പില്‍ നിന്ന് ട്രെയിന്‍ കയറാനായി ഇരുവരും റെയില്‍ പാളത്തിന് അരികിലൂടെ റെയില്‍വെ സ്റ്റേഷനിലേക്ക് നടന്നു വരികയായിരുന്നു. പെട്ടെന്ന് ഷൊര്‍ണൂരില്‍ നിന്ന് നിലമ്പൂരിലേക്ക് പോകുകയായിരുന്ന എക്‌സ്പ്രസ് ട്രെയിന്‍ എത്തിയതോടെ ഇരുവരും റെയില്‍വെ സ്‌റ്റേഷനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നെന്ന് ചെര്‍പ്ലശേരി പോലീസ് പറഞ്ഞു. ഇവര്‍ സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പ് പിന്നില്‍ നിന്ന് വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉഷ പിന്നീട് മരിച്ചു. മകള്‍ പ്രാര്‍ത്ഥന ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്.
