മലബാറിൽ ഫുട്ബോൾ താരങ്ങളെ വളർത്തിയത് സെവൻസ്: യു. ഷറഫലി

മലപ്പുറം : മലബാറിൽ നിന്ന് ദേശീയ, അന്തർദേശീയ ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച പ്രസ്ഥാനമാണ് സെവൻസ് ഫുട്ബോളെന്നു മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോളർ യു ഷറഫലി അഭിപ്രായപ്പെട്ടു. സെവൻസ് ഫുട്ബോൾ പ്രമേയമാക്കി മുതിർന്ന മാധ്യമപ്രവർത്തകൻ വി.എം സുബൈർ എഴുതിയ നോവൽ ‘സെവൻസി’ന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെവൻസ് ഫുട്ബോൾ ഇന്ന് കാണുന്ന രീതിയിൽ വളർന്നില്ലായിരുന്നുവെങ്കിൽ കേരളത്തിന്റെ ഫുട്ബോൾ ചരിത്രം മറ്റൊന്നായി മാറുമായിരുന്നു. അതേസമയം ഇന്നത്തെ സെവൻസിന്റെ അവസ്ഥ യഥാർത്ഥത്തിൽ ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് വിഷമം ഉണ്ടാക്കുന്നതും ആണ്. സാമ്പത്തികമായി ഏറെ വളർന്നെങ്കിലും ഇന്നത്തെ കളിയിൽനിന്ന് പഴയകാലത്തെ പോലെ ആത്മസംതൃപ്തി ലഭിക്കുന്നുണ്ടോ എന്നുള്ള കാര്യത്തിൽ സംശയം ഉണ്ടെന്നും ഷറഫലി കൂട്ടിച്ചേർത്തു.
പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ നോവലിന്റെ ആദ്യകോപ്പി മലപ്പുറം സൂപ്പർ സ്റ്റുഡിയോ ക്ലബ്ബ് മാനേജർ സൂപ്പർ അഷ്റഫ് ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡന്റ് എസ്.മഹേഷ് കുമാർ അധ്യക്ഷത വഹിച്ചു. പുസ്തകത്തിന്റെ പ്രസാധകരായ കാർനെ ബുക്സ് എഡിറ്റർ സി.ഗൗരിദാസൻ നായർ, എഴുത്തുകാരൻ സി.കെ ഹസ്സൻ കോയ, മലയാള മനോരമ കോഡിനേറ്റിംഗ് എഡിറ്റർ ആന്റണി ജോൺ, മാതൃഭൂമി ന്യൂസ് എഡിറ്റർ ആർ.ഗിരീഷ് കുമാർ, പ്രസ്ക്ലബ് സെക്രട്ടറി വി.പി നിസാർ സംസാരിച്ചു. ഗ്രന്ഥകർത്താവ് വി.എം സുബൈർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *