ദേശീയ തലത്തില്‍ത്തന്നെ സംഘടനാ തിരഞ്ഞെടുപ്പിന് സമയമായി

കൊച്ചി: കോണ്‍ഗ്രസില്‍ ദേശീയതലത്തില്‍ തന്നെ സംഘടനാ തിരഞ്ഞെടുപ്പിനു സമയമായെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍, ഇക്കാര്യം ഹൈക്കമാന്‍ഡാണു തീരുമാനിക്കേണ്ടത്. കേരളത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സംഘടനാ തിരഞ്ഞെടുപ്പ് അനിവാര്യം. ഹൈക്കമാന്‍ഡുമായി പ്രശ്‌നങ്ങളൊന്നുമില്ല. വിളിച്ചാല്‍ ചര്‍ച്ചയ്ക്കു തയാറാണ്. ഇനിയുള്ള കാര്യങ്ങളെ സംബന്ധിച്ചു ചില നിര്‍ദേശങ്ങളുണ്ട്. അവ ഹൈക്കമാന്‍ഡിനെ അറിയിക്കും. രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം ചര്‍ച്ചയ്ക്കു ശേഷം തീരുമാനിക്കും. മുകുള്‍ വാസ്‌നിക് ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കിയശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനാ പ്രശ്‌നങ്ങളില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഫോണില്‍ ബന്ധപ്പെട്ട എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.

അതേസമയം, കേരളത്തില്‍ മാത്രമായി സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എഐസിസിക്ക് തടസമില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍ വ്യക്തമാക്കി. സംഘടനാ തിരഞ്ഞെടുപ്പിനെ എതിര്‍ക്കുന്ന നേതാക്കളാണ് മറിച്ചുപറയുന്നത്. ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് നേതൃയോഗങ്ങളില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് പാര്‍ട്ടി നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്.

14ന് ചേരുന്ന രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ അദ്ദേഹം പങ്കെടുക്കില്ലെന്ന് ഉറപ്പുപറയാനാവില്ലെന്നും ഹസന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *