ഡയറി പ്ലാന്റ് മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു

മലപ്പുറം:    ജില്ലയിലെ ആദ്യത്തെ ഡയറി പ്ലാന്റ് പാറല്‍ ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ ക്ഷീര-ഗ്രാമ വികസന-സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്ലാന്റിലെ ക്ഷീര ഉത്പന്ന നിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനം പരിപാടിയില്‍ അധ്യക്ഷനായ നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്കില്‍ ആനമങ്ങാടിനടുത്ത് ആലിപറമ്പ് ഗ്രാമപഞ്ചായത്തിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.

ഒന്നര കോടി ചിലവില്‍ നിര്‍മിച്ചിരിക്കുന്ന പ്ലാന്റില്‍ 5000 ലിറ്റര്‍ പാല്‍ സംഭരിക്കാനാകും. ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന ‘പാറല്‍’ പാക്കറ്റ് പാല്‍, തൈര്, സംഭാരം, നെയ്യ് തുടങ്ങിയ ഉത്പന്നങ്ങള്‍ ഇന്ന് (ജനുവരി മൂന്ന്) മുതല്‍ വിപണിയില്‍ ലഭ്യമാകും. ഐസ്‌ക്രീം, കേക്കുകള്‍, ചോക്ലേറ്റ് തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവിടെ നിന്ന് വിപണിയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു.

ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകയായി തെരഞ്ഞെടുക്കപ്പെട്ട പരപ്പനങ്ങാടി സ്വദേശി ഷരീഫയെ ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ സക്കീന പുല്‍പാടന്‍ ആദരിച്ചു. പാറല്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിലെ മുന്‍ പ്രസിഡന്റുമാരായ ടി മുഹമ്മദ് എന്ന മാനുഹാജി, ഇ. ശിവശങ്കരന്‍, ടി. മുഹമ്മദ്കുട്ടി എന്നിവരെ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍ ആദരിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്കിലെ മികച്ച ക്ഷീര കര്‍ഷകയായി തെരഞ്ഞെടുക്കപ്പെട്ട കുന്നപ്പള്ളി സ്വദേശി സാലി ജോണ്‍സണെ ബ്ലോക്ക് പഞ്ചായത്ത അധ്യക്ഷ റീന പെട്ടമണ്ണ, പാറല്‍ ക്ഷീരസംഘത്തിലെ മികച്ച ക്ഷീരകര്‍ഷകയായി തെരഞ്ഞെടുക്കപ്പെട്ട ആനമങ്ങാട് സ്വദേശി ഒ.സി അമ്മിണിയെ ആലിപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി സിനി എന്നിവര്‍ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വി. സുധാകരന്‍, പെരിന്തല്‍മണ്ണ ബ്ലോക്ക്പഞ്ചായത്ത് ഉപാധ്യക്ഷന്‍ ടി.കെ. സദഖത്തുള്ള, ആലിപറമ്പ് ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷന്‍ ടി.പി അപ്പു എന്ന മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി സമീറ, പാറല്‍ ക്ഷീരസഹകരണ സംഘം സെക്രട്ടറി കെ.കെ ബഷീര്‍, പ്രസിഡന്റ് പി. രാജഗോപാലന്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *