വാഷിംഗ്ടണ്‍: ട്രംപിനെ കണ്ട് സംസാരിക്കണമെന്ന ആവശ്യവുമായി വൈറ്റ് ഹൗസിന്റെ മതിലു ചാടാന്‍ ശ്രമിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇത് മൂന്നാം വട്ടമാണ് ഇതേ യുവതി മതില്‍ ചാടി കടക്കാന്‍ ശ്രമിക്കുന്നത്. മാര്‍കി ആന്‍ഡേഴ്‌സണ്‍ എന്ന 38കാരിയാണ് വൈറ്റ് ഹൗസിന്റെ മതില്‍ ചാടികടക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ട്രഷറി കെട്ടിടത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള മതിലാണ് ഇവര്‍ ചാടാന്‍ ശ്രമിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി തനിക്ക് സംസാരിക്കണം എന്നാണ് യുവതി സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. മതിലു ചാടാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ ഷൂ ലേസ് മതിലില്‍ കുരുങ്ങിപ്പോയി. ഇതേ തുടര്‍ന്ന് ഇവര്‍ മതിലില്‍ തൂങ്ങികിടന്നു. പൊലീസ് വന്ന് ഇവരെ താഴെയിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
ആദ്യ രണ്ട് തവണ ഇവരെ വെറുതെ വിട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ പുക്ഷേ, ഇത്തവണ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വൈറ്റ് ഹൗസിലേക്ക് അതിക്രമിച്ചു കയറിയതിനും ഒപ്പം കോടതി അലക്ഷ്യത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
