ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുഴുവന്‍ അറവുശാലകളും ഉടന്‍ അടച്ചു പൂട്ടുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൂടാതെ യുപിയിലെ ഗുണ്ടാരാജ് അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള സമവായ ചര്‍ച്ചയ്ക്ക് മുന്‍കൈയടുക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉത്തര്‍ പ്രദേശിനെ വികസനത്തില്‍ മുന്നിലെത്തിക്കണം, അഴിമതി തുടച്ചു നീക്കണം. ഗുണ്ടാ രാജ് അവസാനിപ്പിക്കണം. 22 കോടിയിലേറെ വരുന്ന യു.പി ജനതയുടെ സഹകരണം അതിന് ആവശ്യമാണ്.മഹിളാ സുരക്ഷയും പ്രധാനമാണ്.
ഇതിന് കൃത്യമായൊരു റോഡ് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.
സുപ്രീംകോടതി അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച് കൃത്യമായ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നു. ഈ വിഷയത്തില്‍ ഇരുപക്ഷത്തുള്ളവരും ഒരുമിച്ച് സമാധാനപൂര്‍വമായ ഒരു തീരുമാനം എടുക്കണം. അത് ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഉത്തര്‍ പ്രദേശില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ അറവുശാലകളും പൂട്ടാന്‍ ഉത്തറവിറക്കിയിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലും ഇത്തരത്തിലുള്ള അറവുശാലകള്‍ പൂട്ടണമെന്ന് പറഞ്ഞിട്ടുണ്ട്. ഇവിടത്തെ പരിസ്ഥിതി മലിനീകരണം തടയാനും ഈ നടപടി അത്യാവിശ്യമാണ്. ഇതുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകതന്നെ ചെയ്യും
ക്രമസമാധാനപാലനത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനെതുടര്‍ന്ന് വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. ഗുണ്ടാരാജ് ഇല്ലാതാക്കും. നിയമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇവിടെ ജീവിക്കാം.അല്ലാത്തവര്‍ക്കു യു.പി വിട്ടുപോകാമെന്നു യോഗി ആദിത്യനാഥ് പറഞ്ഞു.
