ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് ആര്‍ദ്രം പദ്ധതി: ആരോഗ്യമേഖലയുടെ മുഖം മാറുന്നു

കല്‍പ്പറ്റ:  ആരോഗ്യമേഖല ശക്തിപ്പെടുത്താനും എല്ലാവര്‍ക്കും ചികിത്സ ഉറപ്പുവരുത്താനുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതിയിലൂടെ ജില്ലയുടെ ആരോഗ്യമേഖലയുടെ മുഖം മാറുന്നു. ജില്ലാആശുപത്രിയില്‍ കാത്ത്‌ലാബ്, മള്‍ട്ടി പര്‍പ്പസ് ഐസിയു ബ്‌ളോക്ക്, കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമമുറി എന്നിവ സ്ഥാപിക്കുവാന്‍ നടപടി തുടങ്ങി.
കാത്ത് ലാബ് വരുന്നതോടെ ഹൃദ്രോഗചികിത്സാ രംഗത്ത് വലിയ കുതിപ്പ് ഉണ്ടാകും. ആന്‍ജിയോഗ്രാം, ആന്‍ജിയോ പഌസ്റ്റി  ഉള്‍പ്പെടെയുള്ള ചികിത്സ ജില്ലാആശുപത്രിയില്‍ ലഭ്യമാകും. ഇപ്പോള്‍ ഇത്തരം ചികത്സയ്ക്ക് സ്വകാര്യ ആശുപത്രിളെയും  സമീപ ജില്ലകളെയുമാണ് ഇപ്പോള്‍ വയനാട്ടുകാര്‍ ആശ്രയിക്കുന്നത്.  വന്‍തുകയാണ് ഇത്തരം ചികിത്സകള്‍ക്ക് ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. ആളുകളുടെ അജ്ഞത മുതലാക്കിയാണ് കഴുത്തറക്കല്‍. ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ്  ഇതിന് അറുതിവരുത്തും. വയനാട് ഇടുക്കി ജില്ലകളില്‍ കാത്ത് ലാബ് തുടങ്ങുന്നതിനും ജില്ലാആശുപത്രിയിലെ മള്‍ട്ടിപര്‍പ്പസ് ഐസിയുവിനുമായി 12കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ജില്ലാആശുപത്രിയില്‍ ഒപി വിഭാഗം നവീകരിക്കവാനുമുള്ള പ്രവൃത്തികളും  തുടങ്ങി.
കല്‍പ്പറ്റയില്‍ ജീവിതശൈലി രോഗനിയന്ത്രണ കഌനിക്(ജീവനി കഌനിക്)ഉടന്‍ ഉദ്ഘാടനം ചെയ്യും. വായിലെ ക്യാന്‍സര്‍, ബ്രസ്റ്റ് ക്യാന്‍സര്‍ തുടങ്ങിയവ നേരത്തെ കണ്ടെത്താനും ഇവര്‍ക്ക് ചികിത്സ ഉറപ്പുവരുത്താനും കഌനിക്കിലൂടെ സാധിക്കും.  പ്രഷന്‍, ഷുഗര്‍ തുടങ്ങിയവ പരിശോധിക്കുന്നതിനും ബോധവല്‍ക്കരണത്തിനുമുള്ള സംവിധാനങ്ങളും ഇവിടെയുണ്ടാകും. ഒന്‍പത് ലക്ഷം രൂപ ചെലവിലാണ് ജീവനി കഌനിക് ഒരുക്കിയിട്ടുള്ളത്.
അപ്പപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ 75 ലക്ഷം രൂപ ചെലവില്‍  ഒപി ബ്‌ളോക്കിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.  കോട്ടത്തറ പ്രാഥമികാരോഗ്യകേന്ദ്രത്തിന് 20 ലക്ഷം ചെലവില്‍ പുതിയ കെട്ടിടം, വെങ്ങപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിനുളള കെട്ടിടം, പൊഴുതന പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കോണ്‍ഫറന്‍സ് ഹാളും ചുറ്റുമതിലും, പടിഞ്ഞാറത്തറ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ടൈല്‍ പതിക്കല്‍, ചുറ്റുമതില്‍ നിര്‍മാണം തുടങ്ങിയ പ്രവൃത്തികളും നടത്തുകയാണ്. ബേഗൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കുളള റോഡ് കോണ്‍ക്രീറ്റ് ചെയ്തു.

 
ജില്ലയില്‍ ലാബ് ടെക്‌നീഷന്‍മാരുടെ 11 തസ്തികകളും അസിസ്റ്റന്റുമാരുടെ നാല് തസ്തികകളും പുതുതായി സൃഷ്ടിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ഭാഗികമായി കൈനാട്ടിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.
ദേശീയ ആരോഗ്യ മിഷന്റെ 25 ലക്ഷം ഉപയോഗിച്ച് ബത്തേരി താലൂക്ക് ആശുപത്രിയില്‍ എക്‌സ റേ, മോര്‍ച്ചറി, ബഌഡ് ബാങ്ക്, എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കി. 47 ലക്ഷം ചെലവില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി കണക്ഷന്‍ പ്രവൃത്തിയും പൂര്‍ത്തിയായി. മുണ്ടേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ 14.5 ലക്ഷം ഉപയോഗിച്ച് അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തി.  ഭൌതിക സാഹചര്യം മെച്ചപ്പെടുത്താന്‍ 10 ലക്ഷം രൂപയും അനുവദിച്ചു.

 

 

സാമൂഹികാരോഗ്യകേന്ദ്രങ്ങളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും നവീകരിക്കാനും സേവനം കൂടുതല്‍ മെച്ചപ്പെടുത്താനുമുള്ള നടപടികള്‍ ആര്‍ദ്രം പദ്ധതിയില്‍ ലക്ഷ്യമിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *