സേവന സന്നദ്ധരായി റെഡ്‌ക്രോസ് കുട്ടി ഡോക്ടര്‍മാര്‍

കൊച്ചി: ആരോഗ്യപരിപാലന രംഗത്ത് നൂതന മാതൃക സൃഷ്ടിച്ച് റെഡ്‌ക്രോസിന്റെ കുട്ടി ഡോക്ടര്‍മാര്‍ എന്റോള്‍ ചെയ്തു. എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഐആര്‍സിഎസ് ജനറല്‍ സെക്രട്ടറി ചെമ്പഴന്തി അനില്‍ ജൂനിയര്‍ സ്റ്റുഡന്റ് ഡോക്ടര്‍ കേഡറ്റുകള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ജില്ല ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ജില്ലയിലെ ഏഴു താലൂക്കുകളിലെ 35 സ്‌കൂളുകളില്‍ നിന്നുള്ള 70 ജൂനിയര്‍ സ്റ്റുഡന്റ് ഡോക്ടര്‍മാരാണ് എന്റോള്‍ ചെയ്തത്. ജൂനിയര്‍ സ്റ്റുഡന്റ്‌സ് കേഡറ്റ്‌സിനുള്ള ബാഡ്ജ്, സര്‍ട്ടിഫിക്കറ്റ്, കോട്ട് എന്നിവയുടെ വിതരണം ബെന്നി ബഹനാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എംഎല്‍എ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്റ്റുഡന്റ് ഡോക്ടര്‍ കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കിയ റെഡ്‌ക്രോസിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ബെന്നി ബഹനാന്‍ എംഎല്‍എ പറഞ്ഞു. സേവന രംഗത്ത് ധാരാളം സംഭാവനകള്‍ നല്‍കുന്ന റെഡ്‌ക്രോസിന്റെ പുതിയ കാല്‍വെയ്പ്പാണിത്. ജീവിത ശൈലി രോഗങ്ങളെപ്പറ്റിയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദോഷവശങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കുന്നതിനും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റുഡന്റ് ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മാതൃകാപരമായ ജീവിതരീതി മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നതാകണം സ്റ്റുഡന്റ് ഡോക്ടര്‍ കേഡറ്റുകളുടെ പ്രവര്‍ത്തനമെന്ന് ചടങ്ങില്‍ ആശംസാപ്രസംഗം നടത്തിയ ജില്ല മെഡിക്കല്‍ ഓഫീസര്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ. ഷൈന്‍മോന്‍, പറഞ്ഞു. ജീവിത ശൈലി രോഗങ്ങള്‍, മദ്യം, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരായ ബോധവത്കരണം, കൗണ്‍സലിംഗ്, പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, പ്രഥമ ശുശ്രൂഷ എന്നീ രംഗങ്ങളില്‍ മൂന്നു മാസത്തെ പരിശീലനമാണ് സ്റ്റുഡന്റ് ഡോക്ടര്‍ കേഡറ്റ്‌സിനു നല്‍കിയത്. റെഡ്‌ക്രോസ് സൊസൈറ്റി സംസ്ഥാന ഘടകം ചെയര്‍മാന്‍ അഡ്വ. സുനില്‍ സി. കുര്യന്‍ മുഖ്യാതിഥിയായി. ജൂനിയര്‍ റെഡ്‌ക്രോസ് വര്‍ക്കിംഗ് ചെയര്‍മാന്‍ എം.കെ. ദേവദാസ്, ഐആര്‍സിഎസ് ചെയര്‍മാന്‍ അഡ്വ. വി.ഡി. ബാലകൃഷ്ണ കര്‍ത്ത സ്റ്റുഡന്റ് ഡോക്ടര്‍ പ്രൊജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം, ജില്ല മെഡിക്കല്‍ ഓഫീസര്‍ എന്‍.കെ. കുട്ടപ്പന്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ. ഷൈന്‍ മോന്‍, ഐആര്‍സിഎസ് വൈസ് ചെയര്‍മാന്‍ രെജിത്ത് രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി ചെമ്പഴന്തി അനില്‍, ഡോ. ജുനൈദ് റഹ്മാന്‍, ജനറല്‍ ആശുപത്രി സൂപ്ര് ഡോ. ഡാലിയ, ആര്‍എംഒ ഡോ. ഹനീഷ്, ജൂനിയര്‍ റെഡ്‌ക്രോസ് റവന്യൂ ജില്ല കോഓര്‍ഡിനേറ്റര്‍ അനില്‍ രാജ്, വര്‍ക്കിംഗ് ചെയര്‍മാന്‍മാരായ കെ.യു. രാമചന്ദ്രന്‍, തോമസ് കടവന്‍, ഇ.എ. ഷബീര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *