പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യന്ന ഭൂമി വാസയോഗ്യമാവണം:ജില്ലാ കലക്ടര്‍

മലപ്പുറം:  സന്നദ്ധസംഘടനകളും വ്യക്തികളും പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കാനായി ദാനം ചെയ്യുന്ന ഭൂമി വാസയോഗ്യമായതാവണമെന്ന് ജില്ലാ കലക്ടര്‍ ടി . ഭാസ്‌കരന്‍ അറിയിച്ചു.  നാഷണല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരമുള്ള ലോക്കല്‍ ലെവല്‍ കമ്മിറ്റിയില്‍ ലഭിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു കലക്ടര്‍.  മാനസിക വെല്ലുവിളി നേരിടുന്ന 20 വയസുകാരനുള്ള കുടുംബത്തിന് ഏലംകുളം വില്ലേജില്‍ സ്വകാര്യ വ്യക്തി ദാനം ചെയ്തത് നെല്‍പാടത്തിന് നടവിലുള്ള 3.75 സെന്റ് സ്ഥലമാണ്.  എന്നാല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം പാടത്ത് വീട് നിര്‍മ്മാണം നിരോധിച്ചിട്ടുള്ളതാണ്.  ഈ സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് വീട് വെക്കാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്.  ഇപ്രകാരമുള്ള ധാരാളം കേസുകള്‍ ജില്ലയിലുണ്ട്.  അതിനാല്‍ ഇത്തരം ഭൂമി ദാനം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ബഹു വൈകല്യങ്ങള്‍, മാനസിക വെല്ലുവിളി എന്നിവയുള്ളവരുടെ ജീവനും സ്വത്തിനും ആജീവനാന്ത  സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി രൂപവത്കരിച്ച കമ്മിറ്റി പരിഗണിച്ച 15കേസുകളില്‍ 14പേര്‍ക്ക് നിയമപരമായ രക്ഷിതാവിനെ നിയമിച്ച് നല്‍കി.  ഈ നാല് വിഭാഗങ്ങളിലുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ നാഷണല്‍ ട്രസ്റ്റ് ആക്റ്റ് നിലവില്‍ വരുന്നതിന് മുമ്പ് നടത്തിയ സ്വത്ത് ഭാഗം വെക്കല്‍ നിയമ പ്രകാരമാണോയെന്നും കമ്മിറ്റി പരിശോധിച്ചു.

ഇവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി  വീടിനകത്ത് ടോയ്‌ലെറ്റ് സൗകര്യമേര്‍പ്പെടുത്തുന്നതിന് ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ക്കും കുടിവെള്ളം ഉറപ്പാക്കാന്‍  ജലനിധി ഗുണഭോക്ത്യ കമ്മിറ്റി അംഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.  മാനസിക വെല്ലുവിളി നേരിടുന്ന 20 കാരന്റെ ഹൃദ്‌രോഗിയായ പിതാവിന് കാരുണ്യ ബെനവലെന്റ് ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

ഒരു കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് യോഗത്തില്‍ വെച്ച്തന്നെ ജില്ലാകലക്ടര്‍ മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെടുത്തി നല്‍കി. കമ്മിറ്റി കണ്‍വീനറായ വടക്കേതില്‍ ഹംസ, അംഗം പി.വി പ്രേമ , ചെയര്‍മാന്‍ നിയോഗിച്ച പൊലീസ് , കെല്‍സ, രജിസ്‌ട്രേഷന്‍ , സാമൂഹികനീതി, ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ്, ആരോഗ്യം വകുപ്പുകളിലെ അംഗങ്ങള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *