ഫാഷിസത്തെ ചെറുത്തു തോല്‍പിക്കേണ്ടത് കൂട്ടായ്മയിലൂടെ: ഗോപാല്‍ മേനോന്‍

മലപ്പുറം : രാജ്യത്ത് ശക്തിപ്രാപിച്ചുവരുന്ന ഫാഷിസത്തെ മഴവില്‍ക്കൂട്ടായ്മയിലൂടെയാണ് ചെറുത്തു തോല്പിക്കേണ്ടതെന്ന് അന്താരാഷ്ട്ര പ്രശസ്തനായ  ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍. മലപ്പുറത്ത് മനുഷ്യാവകാശ ഏകോപന സമിതി സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസത്തെ എതിര്‍ക്കുന്ന എല്ലാവരും അതിനെ പരാജയപ്പെടുത്താന്‍ ഒന്നിക്കണം. എങ്കില്‍മാത്രമേ അതിനു സാധിക്കുകയുള്ളൂ.

2006ല്‍ ഭരണ പരാജയങ്ങള്‍ മറയ്ക്കുന്നതിനുവേണ്ടി ഗുജറാത്തില്‍ നിരന്തരം സംഘടിതമായ വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തിയ മുഖ്യമന്ത്രിയാണ് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി. അദ്വാനിയേയും മുഖ്യമന്ത്രിയേയും വകവരുത്താനെത്തിയവരെന്ന പേരില്‍ ന്യൂനപക്ഷ ജനവിഭാഗത്തെ നിരന്തരം വെടിവച്ചുകൊല്ലുകയായിരുന്നു അവിടുത്തെ പോലിസുകാര്‍. വികസനം പറഞ്ഞ് രണ്ടുപതിറ്റാണ്ട് വോട്ട് പിടിച്ച ഗുജറാത്തില്‍ ഇപ്പോള്‍ വര്‍ഗീയത പറഞ്ഞ് ജനങ്ങളെ ഒപ്പം നിര്‍ത്താനാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ശ്രമം.  വികസനം പൊള്ളയായിരുന്നുവെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു.

സത്യസന്ധരായ പോലിസ് ഉദ്യോഗസ്ഥരാണ് ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പുറം ലോകത്തെ അറിയിച്ചത്.ഇടതുപക്ഷം ഭരിക്കുന്ന കേരളവും മോഡിയുടെ ഗുജറാത്തിനു പഠിക്കുന്നുവെന്നതാണ് സത്യം. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോഴാണ് ചോക്കാട് മുജീബ് റഹ്്മാനും ഖമറുന്നീസബീവിയും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പോലിസുകാര്‍ അവരെ പിടിച്ചുകൊണ്ടുപോയി കാട്ടില്‍വച്ച് വെടിവച്ചുകൊല്ലുകയായിരുന്നു. അതിനെതിരേ ഒരുപ്രതിഷേധവും ഉയര്‍ന്നില്ല. 2016ല്‍ മാവോയിസ്റ്റുകളെന്നു മുദ്രകുത്തി കുപ്പു ദേവരാജിനേയും അജിതയേയും പോലിസ് വെടിവച്ചുകൊന്നു.

അതും വ്യാജ ഏറ്റുമുട്ടല്‍തന്നെയായിരുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു. വരും കാലങ്ങളില്‍ ഈ രണ്ട് വ്യാജ ഏറ്റുമുട്ടലുകളിലും പങ്കെടുത്ത പോലിസുകാര്‍ തന്നെ എല്ലാ സത്യങ്ങളും വിളിച്ചുപറയുമെന്നു തീര്‍ച്ചയാണ്. ഗാന്ധിമുതല്‍ ഗൗരി ലങ്കേഷ് വരെ ഫാഷിസ്റ്റുകളുടെ വെടിയുണ്ടകള്‍ക്ക് ഇരയായി. മുഹമ്മദ് അഹ്്്‌ലാഖ് മുതല്‍ മുഹമ്മദ് അഫ്‌സറിനെ വരെ അവര്‍ കൊല്ലാക്കൊല ചെയ്തു. ജുഡീഷ്യറി പോലും ഹൈന്ദവ ഫാഷിസ്റ്റ്് വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.

വേള്‍ഡ് ട്രേഡ് സെന്റര്‍, മുംബൈ ആക്രമണം, പാര്‍ലമെന്റ് ആക്രമണം എല്ലാം വ്യാജ ഏറ്റുമുട്ടലുകളായിരുന്നു. അദ്ദേഹം പറഞ്ഞു. എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷതവഹിച്ചു. ഗോപാല്‍ മേനോന്‍ നിര്‍മിച്ച ചോക്കാട് ഇരട്ടക്കൊലപതാകത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കവയിത്രി വിജയരാജ മല്ലികയ്ക്കു നല്‍കി എ വാസു പ്രകാശനം ചെയ്തു. എ വാസു, വിജയരാജ മല്ലിക, കെ പി ഒ റഹ്്മത്തുല്ല, പി നൂറുല്‍ അമീല്‍, സജ്ജാദ് വാണിയമ്പലം സംസാരിച്ചു. ചോക്കാട് ഇരട്ടക്കൊലപാതക ഡോക്യുമെന്ററി പ്രദര്‍ശനവുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *