സംസ്ഥാന സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധമുണ്ടാക്കുന്നതിനായി ഫെബ്രുവരിയില്‍ ജില്ലയില്‍ ജനസമ്പര്‍ക്ക മേള നടത്തുന്നു. 20, 21 തീയതികളില്‍ പെരിന്തല്‍മണ്ണ സ്റ്റേഡിയം ഗ്രൗണ്ടിലും 27, 28 തീയതികളില്‍ തിരൂര്‍ ടൗണ്‍ ഹാളിലുമാണ് ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാഭരണ കാര്യാലയത്തിന്റെയും ആഭിമുഖ്യത്തില്‍ മേള നടത്തുക. ഇതിന്റെ ഭാഗമായി നഗരകാര്യ – ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ജില്ലാ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. മേളയോടനുബന്ധിച്ച് ഒരുക്കുന്ന 25 ഓളം വകുപ്പുകളുടെ സ്റ്റാളില്‍ സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍, വിവിധ പദ്ധതികള്‍ എന്നിവ ലഭ്യമാക്കുന്നതിനുള്ള അപേക്ഷാ ഫോം വിതരണം ചെയ്യും. വിവിധ വകുപ്പുകള്‍ അനുവദിക്കുന്ന ധനസഹായം, സര്‍ട്ടിഫിക്കറ്റുകള്‍, കാര്‍ഡുകള്‍ എന്നിവയുടെ വിതരണവും നടക്കും.
കുടുംബശ്രീ, സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമന്‍ (സാഫ്) എന്നിവരുടെ ഭക്ഷ്യമേള, ഖാദി ഹാന്റ്റെക്‌സ് വിപണനമേള, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ബുക്ക്മാര്‍ക്കിന്റെയും പുസ്തകമേള എന്നിവ കൂടാതെ വൈകീട്ട് സാംസ്‌കാരിക- കലാ പരിപാടികളും നടത്തും. ആയുര്‍വേദ-അലോപ്പതി -ഹോമിയോ സൗജന്യ മെഡിക്കല്‍ ക്യാംപുകളും നടത്തും.
മേളയില്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ജനുവരി 30 ന് രാവിലെ നടക്കുന്ന പ്രീ.ഡി.ഡി.സി.യില്‍ അവതരിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. യോഗത്തില്‍ എ.ഡി.എം കെ. രാധാകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി കെ. വിജയന്‍, തിരൂര്‍ ആര്‍.ഡി.ഒ ഡോ. ജെ.ഒ അരുണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി സുലഭ, വിവിധ വകുപ്പികളിലെ ജില്ലാ തല ഓഫീസര്‍മാര്‍ പങ്കെടുത്തു.
