പയ്യനാട് റവന്യു, വനം വകുപ്പ് സംയുക്ത സര്‍വ്വെ പ്രകാരം വനഭൂമിയില്‍ നിന്നും മാറ്റപ്പെട്ട കോന്നിയിലെ അയ്യായിരത്തോളം പേര്‍ക്ക് കൈവശ രേഖ നല്‍കുന്നതിന് നടപടികള്‍ ഊര്‍ജിതമാക്കി. ഇതിനായി കോന്നി താലൂക്ക് ഓഫീസില്‍ പ്രത്യേക ഓഫീസ് ഇന്ന് രാവിലെ ഒന്‍പതിന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. വനഭൂമി 1977 ജനുവരി ഒന്നിന് മുന്‍പു മുതല്‍ കൈവശമുള്ളവര്‍ക്കാണ് ഫെബ്രുവരി അവസാനം നടക്കുന്ന ജില്ലാതല പട്ടയ മേളയില്‍ വച്ച് കൈവശരേഖ വിതരണം ചെയ്യുക.
കോന്നിയില്‍ ആരംഭിക്കുന്ന താല്‍ക്കാലിക ഓഫീസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, ആറു വില്ലേജ് ഓഫീസര്‍മാര്‍, 12 ക്ലാര്‍ക്കുമാര്‍, ആറ് അസിസ്റ്റന്റുമാര്‍ എന്നിവരെ ലാന്‍ഡ് റവന്യു കമ്മീഷണര്‍ ജോലി ക്രമീകരണ വ്യവസ്ഥയില്‍ നിയമിച്ചിട്ടുണ്ട്. പട്ടയകൈവശ രേഖകള്‍ തയാറാക്കുന്ന ജോലികളുടെ മേല്‍നോട്ടത്തിനായി സ്‌പെഷ്യല്‍ ഓഫീസറായി പത്തനംതിട്ട സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) എം.ശ്രീദേവിയെയും ജില്ലാ സര്‍വ്വെ സൂപ്രണ്ട് എം.ചെറുപുഷ്പത്തിന് സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടറുടെ അധിക ചുമതല നല്‍കിയും നിയമിച്ചിട്ടുണ്ട്. ചിറ്റാര്‍, അരുവാപ്പുലം, തണ്ണിത്തോട്, കോന്നി താഴം, കലഞ്ഞൂര്‍ വില്ലേജുകളില്‍ സംയുക്ത പരിശോധന നടന്നു.
