ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും തടസപ്പെട്ടു. കുല്ഭൂഷന് ജാദവ് വിഷയമാണ് ലോക്സഭയെ ശബ്ദായമാനമാക്കിയതെങ്കില് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ കുറിച്ച് നടത്തിയ പരാമര്‍ശവും കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ മതേതരത്വത്തെ കുറിച്ച് നടത്തിയ പ്രസ്താവനയുമാണ് രാജ്യസഭയെ ബഹളത്തിലാക്കിയത്.
ബഹളത്തെ തുടര്‍ന്ന് ലോക്സഭ 12 മണിവരെ നിറുത്തിവച്ചു. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ കുല്ഭൂഷണ് ജാദവിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും ഉണ്ടായ അപമാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ പാകിസ്ഥാന് വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അംഗങ്ങളോട് ശാന്തരാവാന്‍ സ്പീക്കര്‍ സുമിത്രാ മഹാജന് അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്നാണ് സഭ നിറുത്തിവച്ചത്.
മോദിയുടെ പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരു സഭകളിലും പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാലിത് സ്പീക്കര്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് ബഹളം രൂക്ഷമായത്.
