തിരുവനന്തപുരം: ഭര്‍ത്താവിന്റെയും അമ്മയുടേയും പേരില്‍ വ്യാജ ചികിത്സാബില്‍ നല്‍കി പണം തട്ടിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്ന മന്ത്രിയുടെ ഭര്‍ത്താവ് കെ. ഭാസ്‌കരന്‍ സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നയാളാണ്. ഇത്തരത്തില്‍ പെന്‍ഷന്‍ വാങ്ങുന്നയാള്‍ ആശ്രിതനാണെന്ന് കാണിച്ചാണ് മന്ത്രി പണം തട്ടിയത്. ഔദ്യോഗിക പദവിയിലിരുന്ന് കൃത്രിമ രേഖകളില്‍ ഒപ്പിട്ട മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്താതെയാണ് മന്ത്രി ആ പണവും വാങ്ങിയത്. ഇത്തരത്തില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ഒരു മന്ത്രി തന്നെ സര്‍ക്കാരിനെ കബളിപ്പിച്ചിരിക്കുകയാണ്. ഇതിനുള്ള എല്ലാ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്.
പൊതുപ്രവര്‍ത്തനത്തോട് അല്‍പ്പമെങ്കിലും മാന്യത പുലര്‍ത്തുന്നുണ്ടെങ്കില്‍ ഈ സാഹചര്യത്തില്‍ മന്ത്രിയുടെ രാജി മാത്രമാണ് അഭികാമ്യമെന്നും അല്ലെങ്കില്‍ അവരെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാവണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
കേരളത്തിന്റെ ആരോഗ്യ രംഗത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന ആരോഗ്യമന്ത്രി തന്നെ സ്വന്തം ആവശ്യത്തില്‍ സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചത് തികച്ചും അപഹാസ്യമാണ്. ആദര്‍ശവും ധാര്‍മീകതയും പ്രവര്‍ത്തകര്‍ക്ക് മാത്രം മതിയെന്ന രീതിയാണ് ശൈലജ അവലംബിച്ചിരിക്കുന്നതെന്നും കുമ്മനം വിമര്‍ശിച്ചു.
വിവാദങ്ങളെ തുടര്‍ന്ന് ഹൈക്കോടതിയുടെ വിമര്‍ശനം ഉള്‍പ്പെടെ നേരിട്ട ആരോഗ്യമന്ത്രി ഈ സംഭവത്തോടെ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് തെളിയിച്ചിരിക്കുകയാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു
