തിരുവനന്തപുരം: രാജ്യത്തെ മുസ്ലിം ചെറുപ്പക്കാരെ തടങ്കലില്‍ അടയ്ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ മുത്തലാഖ് ബില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഇത്തരത്തില്‍ തിടുക്കപ്പെട്ട് ഉണ്ടാക്കിയ ബില്ലിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രത്തില്‍ ബി.ജെ.പി ഭരണം നടത്തുന്നത് രാജ്യത്തെ ജനങ്ങള്‍ക്കെതിരായാണ്. ആര്‍.എസ്.എസ് രാജ്യത്തെ ഹിന്ദുക്കള്‍ക്ക് എതിരാണെന്നും കോടിയേരി വിശദീകരിച്ചു.
മുസ്ലീം മതവിശ്വാസികള്‍ക്കിടയില്‍ നിലനിന്നിരുന്ന മുത്തലാഖ് വിവാഹമോചന രീതി ആഗസ്റ്റില്‍ സുപ്രീം കോടതി നിരോധിച്ചിരുന്നു. ആറ് മാസത്തിനകം ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരില്‍ മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
മൂന്ന് തലാഖും ഒറ്റയടിക്ക് ചൊല്ലി വിവാഹമോചനം നേടുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. മുത്തലാഖിന് വിധേയയാകുന്ന ഭാര്യക്ക് ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ, നിയമസഹായം തേടുകയോ ചെയ്യാം.
ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ തുടരുന്നതിനിടെയാണ് മുത്തലാഖ് വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
