ചെന്നൈ: ചെന്നൈയില്‍ പുതുവത്സരം ആഘോഷിക്കുന്നതിനിടെ നഗരത്തില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ പ്രയാസപ്പെടുമെന്ന് സിറ്റി പോലീസ്. കഴിഞ്ഞ വര്‍ഷം പുതുവത്സര ആഘോഷത്തിനിടെ അഞ്ചുപേര്‍ വാഹനാപകടങ്ങളില്‍ മരിച്ച സാഹചര്യത്തിലാണ് സിറ്റി പൊലീസ് കര്‍ശന നടപടികളുമായി രംഗത്തെത്തിയിട്ടുള്ളത്.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ വിവരങ്ങള്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ രേഖകളില്‍ ഉടന്‍ ഉള്‍പ്പെടുത്താനാണ് പൊലീസിന്റെ നീക്കമെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ക്ക് പുറമെയാണിത്. ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ രേഖകളില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടെ പാസ്‌പോര്‍ട്ട് എടുക്കുന്നതിനും വിസ ലഭിക്കുന്നത് അടക്കമുള്ളവയ്ക്കും പൊലീസിന്റെ എന്‍.ഒ.സി ലഭിക്കാന്‍ ബുദ്ധിമുട്ടാവുമെന്ന് സിറ്റി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സുരക്ഷയ്ക്കായി 3,500 പൊലീസ് ഉദ്യോഗസ്ഥരെ അധികം നിയോഗിക്കും. ആരാധനാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സഞ്ചരിക്കുന്ന നിരീക്ഷണ സംഘത്തെ നിയോഗിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മറീന ബീച്ച് അടക്കമുള്ള കേന്ദ്രങ്ങളില്‍ ഓള്‍ ടെറെയ്ന്‍ വാഹനങ്ങള്‍ (എ.ടി.വി) ഉപയോഗിച്ച് ചുറ്റാനും പൊലീസ് തീരുമാനമെടുത്തിട്ടുണ്ട്.
