സംഘര്‍ഷങ്ങള്‍ക്കുള്ള ഉത്തമപരിഹാരം ഗുരുദര്‍ശനം: ചെന്നിത്തല

ശിവഗിരി: സമൂഹം ഇന്ന് നേരിടുന്ന എല്ലാ സംഘര്‍ഷങ്ങള്‍ക്കുമുള്ള ഉത്തമ പരിഹാരമാണ് ശ്രീനാരായണ ഗുരുദര്‍ശനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭൗതികതയും ആദ്ധ്യാത്മികതയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഗുരുദര്‍ശനത്തിന് നാള്‍ക്കുനാള്‍ പ്രസക്തി ഏറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 85ആം ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല.

സമൂഹത്തിന്റെ നന്മയും പുരോഗതിയും വളര്‍ച്ചയുമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. വിശ്വസാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമാണ് അദ്ദേഹം മാനവരാശിക്ക് നല്‍കിയത്. മനുഷ്യ സമൂഹത്തിന്റെ സമുദ്ധാരണവും പുരോഗതിയും ലക്ഷ്യമിട്ടുള്ള ഗുരുദര്‍ശനത്തിന് കാലാതീതമായ പ്രസക്തിയുണ്ട്. തെറ്റുകള്‍ക്കെതിരെ പോരാടാനുള്ള ആത്മധൈര്യവുംചൂഷണവിമുക്തമായ സമൂഹം കെട്ടിപ്പടുക്കാനുള്ള കര്‍മശേഷിയും ഗുരു പകര്‍ന്നു നല്‍കി. മനുഷ്യത്വമാണ് തന്റെ മതമെന്ന് പറയാന്‍ ഗുരുദേവന്‍ ആര്‍ജ്ജവംകാട്ടി. മതത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ വളര്‍ന്നു വരുന്ന കാലഘട്ടമാണ് ഇത്. ജാതിയുടെ പേരിലുള്ള അസ്പര്‍ശത ഇപ്പോഴും വ്യാപിക്കുന്നു.

ജനങ്ങള്‍ക്കുള്ള ഉത്കണ്ഠ ഏറിവരികയാണ്. ഏതു ഭാഷ സംസാരിക്കണം, എന്ത് ഭക്ഷിക്കണം, ഏത് വസ്ത്രം ധരിക്കണം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന സ്ഥിതി. ഈ സാഹചര്യത്തെ ചെറുക്കാനുള്ള മാര്‍ഗമാണ് ഗുരു ഉപദേശിച്ചിട്ടുള്ളത്. സമാധാനപരമായ സഹവര്‍ത്തിത്വമാണ് മനുഷ്യസമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് ആവശ്യം.വിഭാഗീയതയെ ചെറുക്കാന്‍ മനുഷ്യനെ അണിനിരത്താനും വെറുപ്പും വിദ്വേഷവും ഇല്ലാതാക്കി ലോകത്തെ മുന്നോട്ടു നയിക്കാനും ഗുരുദര്‍ശനം ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളണമെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *