പുതിയ റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ പിരിക്കില്ല

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പുതിയ റോഡുകള്‍ക്കും ബൈപ്പാസുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ പിരിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ദേശീയപാത അഥോറിറ്റിയോ വഴിയോ മറ്റ് ഏജന്‍സികള്‍ വഴിയോ നിര്‍മ്മിക്കുന്ന റോഡുകള്‍ പാലങ്ങള്‍ എന്നിവയ്ക്ക് കേന്ദ്രനയ പ്രകാരം ടോള്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പെടുന്ന വിഷയമല്ല. എങ്കിലും ടോള്‍ ഒഴിവാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തും.

 

കേന്ദ്രനയം തിരുത്താന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഗൗരവമായ ശ്രമം നടത്തേണ്ടതുണ്ടെന്നും ടോള്‍ സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നയം സംശയരഹിതമാണെന്നും മന്ത്രി വിശദീകരിച്ചു.

 

മുൻ  യു.ഡി.ഫ് സര്‍ക്കാരിന്റെ കാലത്ത് ടോള്‍ ഒഴിവാക്കുന്നതിനു പകരം ശക്തിപ്പെടുത്തുന്ന നടപടിയാണ് സ്വീകരിച്ചിരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള എസ്.എന്‍ ജങ്ഷന്‍, ഇരുമ്ബനം, എയര്‍പോട്ട്-സീപോര്‍ട്ട് റോഡ്, അത്താണി തുടങ്ങിയ പാലങ്ങളുടെയും ദേശീയപാതയിലുള്ള രണ്ട് പാലങ്ങളുടെയും ടോളുകള്‍ നിര്‍ത്തലാക്കുകയാണ് ചെയ്തത്. പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പന്നിയങ്കര, ഇടപ്പള്ളി, പാലാരിവട്ടം, ഏരൂര്‍ ഫ്ളെൈ ഓവറുകള്‍ക്ക് ടോള്‍ ചുമത്തുകയുണ്ടായില്ലെന്നും മന്ത്രി അറിയിച്ചു.

 

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 14 പാലങ്ങളുടെ ടോള്‍ നിര്‍ത്തലാക്കുന്നതിനെ കുറിച്ച്‌ മന്ത്രിതലത്തില്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *